വനംവകുപ്പ് നിബന്ധനകൾ പുറപ്പെടുവിച്ചു, ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം
ചേലക്കര: ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ സജീവമാകാനിരിക്കെ, ആനയെഴുന്നള്ളത്തിന് വനംവകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിൽ വനംവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പരമ്പരാഗത ഉത്സവങ്ങൾക്ക് മാത്രമേ നിബന്ധനകൾക്ക് വിധേയമായി ആനകളെ എഴുന്നള്ളിക്കാൻ അനുമതി ലഭിക്കൂ. പുതിയ ഉത്സവങ്ങൾക്ക് ഇനി മുതൽ രജിസ്‌ട്രേഷൻ നൽകില്ലെന്നും പഴയ ഉത്സവമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അനുമതി ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. രജിസ്‌ട്രേഷൻ സമയത്ത് അനുവദിച്ചിട്ടുള്ള എണ്ണത്തിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാനും പാടില്ല. നിയമങ്ങൾ ലംഘിച്ച് എഴുന്നള്ളത്ത് നടത്തിയാൽ ഉത്സവക്കമ്മിറ്റിക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കും. പാഞ്ഞാൾ ഉത്രം വേല, തിരുവില്വാമല പറക്കോട്ട് കാവ് താലപ്പൊലി, പൈങ്കുളം വാഴാലിക്കാവ് വേല, കിള്ളിമംഗലം അങ്ങാടിക്കാവ്, മായന്നൂർ താലപ്പൊലി, എളനാട് ഉച്ചാരൽ വേല, ചെറുതുരുത്തി കോഴിമാംപറമ്പ്, വിവിധ ചന്ദനക്കുടം നേർച്ചകൾ തുടങ്ങിയ മണ്ഡലത്തിലെ പ്രധാന ഉത്സവങ്ങളിലെല്ലാം ഈ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. നിയമലംഘനങ്ങൾ ഉണ്ടായാൽ നാട്ടാന പരിപാലന നിയമപ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
മുൻകൂർ അനുമതി വേണം
- സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ മുൻകൂർ അനുമതി എഴുന്നള്ളത്തിന് നിർബന്ധം.
- നാട്ടാന പരിപാലന ചട്ടപ്രകാരം ഉത്സവക്കാലയളവിൽ കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം.
- അഞ്ചിൽ കൂടുതൽ ആനകളെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ എലിഫന്റ് സ്‌ക്വാഡിന്റെ സേവനം നിർബന്ധം.