ആംബുലൻസ് കിട്ടിയില്ല,​ കൈവണ്ടിയിൽ കയറ്റി, വഴിമദ്ധ്യേ ഭാര്യ മരിച്ചു

Monday 26 January 2026 2:57 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സാഗറിലുള്ള പച്ചക്കറി വില്പനക്കാരൻ പവൻ സാഹുവിന് വിദ്യാഭ്യാസമില്ല,​ അയാൾക്ക് എന്തുചെയ്യണമെന്നോ

ആരെ വിളിക്കണമെന്നോ അറിയില്ലായിരുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ സഹായം ചോദിച്ചെങ്കിലും നാട്ടുകാർ സഹായിച്ചില്ല. ഒടുവിൽ പച്ചക്കറി വിൽക്കുന്ന തന്റെ കൈവണ്ടിയിൽ ഭാര്യയെ കിടത്തി ആശുപത്രിയിലേക്ക്. ശ്വാസം കിട്ടാതെ ഒടുവിൽ വഴി മദ്ധ്യേ ഭാര്യ മരിച്ചു.

റോഡരികിൽ എന്തുചെയ്യണമെന്നറിയാതെ ഭാര്യയുടെ മൃതദേഹവുമായി പവൻ അങ്ങനെതന്നെയിരുന്നു. മണിക്കൂറുകളോളം. ആ ഇരിപ്പുകണ്ട് പലരും കണ്ണീരണിഞ്ഞു. ഒടുവിൽ സാമൂഹിക സേവന സംഘടനയായ അപ്ന സേവാ സമിതിയുടെ വാഹനത്തിൽ മൃതദേഹം നര്യവാലി നാക ശ്മശാനത്തിലെത്തിച്ചു. അന്ത്യകർമങ്ങൾ നടത്തി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദമ്പതികൾക്ക് ആംബുലൻസ് ലഭിക്കാത്തതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സാഗർ സി.എം.എച്ച്.ഒ മംമ്ത തിമോറി പറഞ്ഞു. അദ്ദേഹത്തിന് സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്നും പറഞ്ഞു.

ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശിയാണ് പവൻ. 12 വർഷമായി സാഗറിലാണ് താമസം. വളരെക്കാലമായി രോഗിയായിരുന്നു ഭാര്യ.