ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ 300 കി.മീ. സൈക്കിൾ റിക്ഷ ചവിട്ടി 75കാരൻ

Monday 26 January 2026 3:27 AM IST

പാട്ന: ഒഡീഷ സ്വദേശി ലോഹർ. തളർന്നുകിടക്കുന്ന ഭാര്യക്ക് ചികിത്സ നൽകാൻ സൈക്കിൾ റിക്ഷയിൽ അവരെയും കയറ്റി 75കാരൻ ലോഹർ സഞ്ചരിച്ചത് 300 കിലോമീറ്ററാണ്. സംബാൽപൂരിലെ മോഡിപാദ സ്വദേശിയായ ലോഹറിന്റെ ഭാര്യ ജ്യോതിക്ക് പക്ഷാഘാതം വന്നതാണ്.

കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ജ്യോതിക്ക് പ്രത്യേക ചികിത്സ ആവശ്യമാണെന്ന്

ഡോക്ടർമാർ അറിയിച്ചു. ആവശ്യത്തിന് പണമില്ലാതിരുന്ന ലോഹറിന് സ്വകാര്യ ആംബുലൻസ് വിളിക്കാനായില്ല. പക്ഷേ അദ്ദേഹം തളർന്നില്ല.

പഴയ തലയണകൾ നിരത്തി സൈക്കിൾ റിക്ഷയെ താത്കാലിക ആംബുലൻസാക്കി. ജ്യോതിയെ കയറ്റി സാംബൽപൂരിൽ നിന്ന് കട്ടക്കിലേക്ക് ഒമ്പതുദിവസത്തെ യാത്ര. പകൽ മുഴുവൻ സൈക്കിൾ ചവിട്ടി. രാത്രിയിൽ കടകൾക്ക് സമീപം അഭയം തേടി. എല്ലാ പ്രതിസന്ധിയെയും തരണം ചെയ്ത് അദ്ദേഹം ആശുപത്രിയിലെത്തി.

വീണ്ടും ദുരന്തം

രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം അവർ 19 ന് മടക്കയാത്ര ആരംഭിച്ചു. ഇതിനിടെ റിക്ഷയിൽ എതിരെ വന്ന വാഹനം ഇടിച്ചു. ജ്യോതിക്ക് ഗുരുതരമായി പരിക്കേറ്റു. ലോഹർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി. 'ഞങ്ങൾക്ക് ഞങ്ങൾ മാത്രമേയുള്ളൂ'- പരിക്കേറ്റ മനസിന്റെ വേദന മറച്ച് ലോഹർ പറഞ്ഞു. ദമ്പതികളുടെ ദുരവസ്ഥ അറിഞ്ഞ ഡോക്ടർ വികാസ് സൗജന്യ ചികിത്സ നൽകി. നാട്ടിലെത്താൻ വേണ്ട സഹായവും ചെയ്തു.