മൻ കി ബാത്തിൽ മോദി, ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം
ന്യൂഡൽഹി: കീഴ്‌വഴക്കങ്ങൾക്ക് അടിമപ്പെടാതെ രാജ്യത്ത് നിർമ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷത്തെ ആദ്യത്തെ 'മൻ കി ബാത്ത്' റേഡിയോ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥ അതിവേഗം പുരോഗമിക്കുന്നതിനാൽ ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്. അതിനാൽ ഗുണനിലവാരത്തിന് ഊന്നൽ നൽകാൻ എല്ലാവർക്കും വലിയ ഉത്തരവാദിത്വമുണ്ട്. കീഴ്‌വഴക്കം അനുസരിച്ച് പ്രവർത്തിക്കുന്ന കാലമല്ലിത്.
തുണിത്തരങ്ങൾ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, സാങ്കേതിക വിദ്യ, പാക്കിംഗ് തുടങ്ങി എന്തുമാകട്ടെ അതിന് ഉയർന്ന നിലവാരമുണ്ടാകണം. എന്ത് നിർമ്മിച്ചാലും അതിന് ഉന്നത ഗുണനിലവാരം ഉറപ്പാക്കണം. അതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകരുത്.
സ്റ്റാർട്ട്-അപ്പ് ഇന്ത്യ
ചരിത്രം കുറിച്ചു
2016 ജനുവരിയിൽ, തുടങ്ങിയ സ്റ്റാർട്ട്-അപ്പ് ഇന്ത്യയുടെ നൂതനാശയങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറി. എ.ഐ, ബഹിരാകാശം, ആണവോർജ്ജം, സെമികണ്ടക്ടറുകൾ, മൊബിലിറ്റി, ഗ്രീൻ ഹൈഡ്രജൻ, ബയോടെക്നോളജി തുടങ്ങി മുമ്പില്ലാത്ത മേഖലകളിലാണ് ഇന്ന് അവർ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.