റീൽസുകളിൽ നിറഞ്ഞ് മലനിരകൾ വൈറലായി കുമ്പിച്ചൽക്കടവ് പാലം

Monday 26 January 2026 1:33 AM IST

കാട്ടാക്കട: അമ്പൂരി പഞ്ചായത്തിൽ തൊടുമല വാർഡിലെ 11 ഊരുകളിലായി കഴിയുന്ന ആയിരത്തിലധികം കുടുംബങ്ങളുടെ സ്വപ്നമായിരുന്നു കുമ്പിച്ചൽകടവ് പാലം. ആ സ്വപ്നം യാതാർത്ഥ്യമാകുന്ന സന്തോഷത്തിലാണ് ഇന്നിവർ. മിനുക്കുപണികൾ മാത്രം ശേഷിക്കുന്ന പാലം ഈ മാസം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. ആകാശം മുട്ടിനിൽക്കുന്ന മലനിരകൾ,സമൃദ്ധമായി ഒഴുകുന്ന നെയ്യാർ, പിന്നെ കാനനഭംഗി... റീൽസൊരുക്കാൻ യൂട്യൂബർമാർക്ക് വേറെന്തുവേണം.

ഉദ്ഘാടനത്തിന് മുന്നേ റീൽസുകളിൽ നിറഞ്ഞ് സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് അമ്പൂരിയിലെ കുമ്പിച്ചൽക്കടവ് പാലം. പാലത്തിന്റെ അരികിൽ നിന്ന് വിദൂരമായ മലനിരകളുടെ ദൃശ്യവിസ്മയം ആസ്വദിക്കാനും റീൽസെടുക്കാനും എത്തുന്നവരുടെ വൻ തിരക്കാണ്. ഐസ്‌ക്രീം കച്ചവടക്കാരും തുണി കച്ചവടകാരുടെയും വ്യാപാര കേന്ദ്രമായി മാറീരിക്കുകയാണ് ഇന്ന് ഇവിടെ.

സി.കെ.ഹരീന്ദ്രനാഥ് എം.എൽ.എയുടെ ശ്രമഫലമായാണ് പാലം പണി പൂർത്തിയായത്. ഉദ്ഘാടന ദിവസം എത്തുന്ന അതിഥികൾക്ക് സദ്യയൊരുക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ. ഗോത്രവർഗ്ഗത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ മനസ്സിലാക്കാൻ അന്യദേശത്ത് നിന്ന് എത്തുന്നവർക്ക് പാലം ഏറെ ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. പാലം തൊടുമല തൊട്ടതോടെ ഉത്സാഹത്തിലാണ് ജനങ്ങൾ. ഏറെ അനിശ്ചിതത്തിനൊടുവിലാണ് പദ്ധതി പൂർത്തിയാക്കിരിക്കുന്നത്.

സജ്ജീകരണങ്ങൾ

പാലത്തിന്റെ മുകളിലും അപ്രോച്ച് റോഡിന്റെ ടാറിംഗ് പൂർത്തിയായ ഭാഗത്തും സിഗ്നൽ മാർക്കിംഗ് തുടങ്ങി. യൂട്ടിലിറ്റി ഡക്ടുകളുടെ പണികൾ പൂർത്തിയായി. പാലത്തിലും അപ്രോച്ച് റോഡിലും നടപ്പാതകളും സജ്ജമായി. പാലത്തിന്റെ വശങ്ങളിൽ നിന്നു ജലസംഭരണിയിലേക്ക് ഇറങ്ങാനുള്ള പാതയുടെ നിർമ്മാണവും കഴിഞ്ഞു.

വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു

സമീപ വാസികൾക്കും വിവിധ ഊരുകളിൽ കഴിയുന്ന വനവാസികൾക്കും പാലത്തിലൂടെ ഇരുചക്രവാഹന യാത്ര അനുവദിച്ചിട്ടുണ്ട്. കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന നാട്ടുകാരും വിദ്യാർത്ഥികളും ഇപ്പോൾ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. വിവിധ ഉൾനാടൻ ഊരുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കിഫ്ബി ഫണ്ടിൽ നിന്ന് 19 കോടി മുടക്കിയാണ് നിർമ്മാണം. നെയ്യാർ ജലാശയത്തിന് കുറുകേ നിർമ്മിച്ചിട്ടുള്ള ഈ പാലത്തിന് 253.4 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.