കിഴക്കൻമല കുടിവെള്ള പദ്ധതി സജ്ജമായി
കുന്നത്തുകാൽ: പാറശാല നിയോജകമണ്ഡലത്തിലെ ആര്യൻകോട്, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് നിവാസികളുടെ കാത്തിരിപ്പിന് വിരാമം. ഗ്രാമീണരുടെ ദാഹമകറ്റാൻ കിഴക്കൻമല സമ്പൂർണ്ണ കുടിവെള്ള പദ്ധതി സജ്ജമായതോടെയാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചത്. വളരെ ശേഷികുറഞ്ഞ ജലശുദ്ധീകരണ ശേഷിയില്ലാത്ത പമ്പിംഗ് സ്റ്റേഷനുകളാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതോടെ സർക്കാർ പുതിയ കുടിവെള്ള പദ്ധതിക്കായുള്ള രൂപരേഖ തയ്യാറാക്കുകയും കിഫ്ബി അനുവദിച്ച 45 കോടി വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കുകയും ചെയ്തു.
അത്യാധുനിക ജല ശുദ്ധീകരണം
നെയ്യാറിലെ മൂന്നാറ്റുമുക്കിൽ തടയണക്കെട്ടി ലഭ്യമാക്കുന്ന ജലം അത്യാധുനിക ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് വീടുകളിലെത്തുക.
വലിയ മാലിന്യങ്ങളെയും അവശിഷ്ടങ്ങളെയും ആദ്യഘട്ടത്തിലും,അതിസൂക്ഷ്മമായ അഴുക്കുകളെ പ്രത്യേക പ്രക്രിയയിലൂടെ കട്ടപിടിപ്പിച്ച് വലിയ തരികളാക്കി മാറ്റും. ശേഷം കട്ടപിടിച്ച മാലിന്യങ്ങൾ താഴെ അടിയിച്ച് തെളിനീർ വേർതിരിക്കും. തുടർന്ന് മണൽ,ചരൽ എന്നിവയുടെ വിവിധ പാളികളിലൂടെ ജലം കടത്തിവിട്ട് അതിസൂക്ഷ്മമായ അംശങ്ങൾ കൂടി നീക്കം ചെയ്യും. പിന്നീട് ക്ലോറിനേഷൻ, യു.വി ട്രീറ്റ്‌മെന്റ് എന്നിവയിലൂടെ രോഗാണുക്കളെ പൂർണ്ണമായും നശിപ്പിക്കും. ജലത്തിന്റെ രുചിയും ഗുണനിലവാരവും ഉറപ്പാക്കാൻ വായുസമ്പർക്കം വരുത്തുകയും അസിഡിറ്റി നില ക്രമീകരിക്കുകയും ചെയ്യുന്നു.
നിർമ്മാണം പൂർത്തിയാക്കിയ കിഴക്കൻമല കുടിവെള്ള പദ്ധതി നാളെ വൈകുന്നേരം 3ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിക്കും.