പദ്മ പ്രഭയിൽ കേരളം: വി.എസ്, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ പദ്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പദ്മഭൂഷൺ
ന്യൂഡൽഹി: സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ. മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് കെ.ടി. തോമസും വിദ്യാഭ്യാസ വിദഗ്‌ദ്ധൻ പി. നാരായണനും ഇതേ പുരസ്കാരത്തിന് അർഹരായി.
മെഗാതാരം മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ. അഞ്ച് പദ്മവിഭൂഷണിൽ മൂന്നും മലയാളികൾക്ക്.
ഇന്ത്യൻ റോക്കറ്റ് സാങ്കേതിക വിദ്യയുടെ അമരക്കാരിൽ പ്രമുഖനായ ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. എ.ഇ. മുത്തുനായകം, നർത്തകി കലാമണ്ഡലം വിമലാ മേനോൻ, കായംകുളം മുതുകുളം കണ്ടല്ലൂരിലെ വീട്ടുവളപ്പിൽ വനം വളർത്തി പരിപാലിക്കുന്ന ജി. ദേവകി അമ്മ എന്നിവർക്ക് കേരളത്തിൽ നിന്ന് പദ്മശ്രീ തിളക്കം. മലയാളി വേരുകളുള്ള തമിഴ്നാട് നീലഗിരിയിലെ കുറുംബ ഗോത്ര ചിത്രകാരൻ ആർ. കൃഷ്ണന് മരണാനന്തര ബഹുമതിയായി പദ്മശ്രീ.
അന്തരിച്ച ബോളിവുഡ് നടനും മുൻ എം.പിയുമായ ധർമ്മേന്ദ്ര, ചെന്നൈ സ്വദേശിയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രൊഫസറുമായ കർണാടക സംഗീതജ്ഞ ഡോ. എൻ. രാജം എന്നിവർക്കും പദ്മവിഭൂഷൺ. വി.എസ്. അച്യുതാനന്ദന് അർഹിക്കുന്ന ബഹുമതിയാണ് മരണാനന്തരം പദ്മവിഭൂഷണിലൂടെ സമർപ്പിക്കുന്നത്. ജൻമഭൂമി മുൻ പത്രാധിപരാണ് പി. നാരായണൻ.
13 പദ്മഭൂഷൺ
പദ്മഭൂഷൺ ലഭിച്ച 13 പേരിൽ അന്തരിച്ച ജാർഖണ്ഡ് മുൻമുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഷിബു സോറൻ, ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി നേതാവ് വി.കെ. മൽഹോത്ര, പ്രമുഖ പരസ്യസംവിധായകൻ പിയൂഷ് പാണ്ഡെ എന്നിവർക്ക് മരണാനന്തരമാണ് ബഹുമതി.
ഗായിക അൽക്കാ യാഗ്‌നിക്, മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ചെന്നൈയിലെ പ്രമുഖ ഉദരരോഗ വിദഗ്‌ദ്ധൻ ഡോ. കെ.ആർ. പളനിസ്വാമി, യു.എസിലെ ഇന്ത്യക്കാരനായ പ്രശസ്ത റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ദത്താത്രേയുഡു, പ്രമുഖ വ്യവസായി എസ്.കെ.എം. മൈലാനന്ദൻ (ഈറോഡ്), കന്നഡ എഴുത്തുകാരൻ ആർ. ഗണേശ്, കൊടക്- മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊടക്, മുൻ ടെന്നീസ് താരം വിജയ് അമൃത്‌രാജ് എന്നിവരാണ് പദ്മഭൂഷണ് അർഹരായ മറ്റുള്ളവർ.
113 പദ്മശ്രീ
ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, ഹർമൻപ്രീത് കൗർ, നടൻ ആർ.മാധവൻ, വീരപ്പൻ വേട്ടയ്‌ക്ക് നേതൃത്വം നൽകിയ തമിഴ്നാട് പൊലീസ് ഓഫീസർ വിജയകുമാർ, മുൻ യു.ജി.സി ചെയർമാൻ എം. ജഗദേശ് കുമാർ, ഗായികമാരായ ഗായത്രി-രജനി സഹോദരിമാർ, പാരാ അത്‌ലറ്റ് പ്രവീൺ കുമാർ, ഹോക്കി താരം സവിത പൂനിയ, ഇന്ത്യൻ ഗുസ്‌തി പരിശീലകൻ വ്ളാഡിമിർ മെസ്റ്റ്റിഷ്‌വിലി(ജോർജിയ-മരണാനന്തരം) അടക്കം 113പേർക്കാണ് പദ്മശ്രീ.
അഭിമാന നെറുകയിൽ ആലപ്പുഴ ആലപ്പുഴ: പദ്മ പുരസ്കാരങ്ങളിൽ മലയാളം തിളങ്ങിയപ്പോൾ അതിലേറെയും ആലപ്പുഴക്കാരായത് ജില്ലയ്ക്ക് അഭിമാനമായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ മമ്മൂട്ടി, പരിസ്ഥിതി പ്രവർത്തക കൊല്ലകൽ ദേവകിഅമ്മ എന്നിവരാണ് രാജ്യത്തിന് മുന്നിൽ ആലപ്പുഴയുടെ യശ്ശസ് വീണ്ടും ഉയർത്തിയത്. കോട്ടയത്തെ ചെമ്പിലാണ് വളർന്നതെങ്കിലും, മമ്മൂട്ടി ജനിച്ചതും പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം നേടിയതും മാതാവ് ഫാത്തിമ്മയുടെ ജന്മനാടായ ചന്തിരൂരിലായിരുന്നു.