രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി: 'ഗുരുദേവൻ ആത്മീയമായ ഐക്യം സാദ്ധ്യമാക്കി'
ന്യൂഡൽഹി: ശ്രീനാരായണ ഗുരു അടക്കം നിരവധി മഹത്വ്യക്തികൾ രാജ്യത്തെ ആത്മീയവും സാമൂഹ്യവുമായ ഐക്യം ഉറപ്പാക്കിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. റിപ്പബ്ളിക് ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ജാതി-മത വിവേചനങ്ങളില്ലാതെ എല്ലാ മനുഷ്യരും സാഹോദര്യത്തോടെ കഴിയുന്ന ഇടമാണ് മാതൃകാപരമെന്ന് കേരളത്തിൽ ജനിച്ച മഹാനായ കവിയും സാമൂഹ്യ പരിഷ്കർത്താവും ആത്മീയാചാര്യനുമായ ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്"എന്ന ഗുരുവചനവും രാഷ്‌ട്രപതി ചൊല്ലി. പുരാതന കാലം മുതൽ നമ്മുടെ സംസ്കാരവും നാഗരികതയും ആത്മീയ പാരമ്പര്യവും മാനവികതയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഭരണഘടനയിൽ വിഭാവനം ചെയ്‌ത നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളാണ് റിപ്പബ്ലിക്കിനെ നിർവചിക്കുന്നത്. ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ചൈതന്യത്തിനും രാജ്യത്തിന്റെ ഐക്യത്തിനും കരുത്തുറ്റ അടിത്തറ പാകാൻ ഭരണഘടനാ സ്രഷ്ടാക്കൾക്കു സാധിച്ചു- മുർമു പറഞ്ഞു.