മരച്ചീനി കർഷകർക്ക് ദുരിതകാലം
നെയ്യാറ്റിൻകര: താലൂക്കിലെ മരച്ചീനി കർഷകർക്ക് ഇത് ദുരിതകാലം. ഒരുകാലത്ത് വൻലാഭമായിരുന്ന മരിച്ചീനികൃഷിയിൽ നിന്നും കർഷകർ പിന്തിരിയുന്നു. അധികം വളം വേണ്ടാതെ തന്നെ സാമാന്യം ലാഭം കിട്ടിയിരുന്നതാണ് മരിച്ചീനി കൃഷികൾ. ഒരേക്കറിൽ നിന്നും അൻപതിനായിരം രൂപ വരെ ലാഭം ലഭിച്ചിരുന്നു. ഇപ്പോൾ മരിച്ചീനിക്ക് ആവശ്യക്കാർ കുറവായതാണ് വിലയിടിവിന് കാരണമെന്ന് കർഷകർ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ ഭൂമിലഭ്യത ഇല്ലാതാകുന്നതാണ് പ്രതിസന്ധിക്ക് കാരണം. മാത്രമല്ല നെൽവയലുകൾ പാട്ടത്തിനെടുത്ത് മരിച്ചീനി കൃഷി ചെയ്യുന്നതും ലാഭകരമല്ല.
കൃഷി വകുപ്പിൽ നിന്നും കൂടുതൽ വിളവ് ലഭ്യമാകുന്ന ഇനങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന് കർഷകർ പറയുന്നു. എച്ച് 165,എം-4, ശ്രീഹർഷ,ശ്രീവിജയ,ശ്രീ വിശാഖം തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യപ്പെടുന്നത്. ഉത്പാദനശേഷിയുള്ള സങ്കരയിനം മരച്ചീനി ഇനമായ എച്ച് 165 ഇപ്പോൾ ലഭ്യമല്ല. എട്ടു മുതൽ ഒമ്പത് മാസത്തിനുള്ളിൽ ഇവ പാകമാകും.
സഹായം അനിവാര്യം
കൃഷി വകുപ്പിൽ നിന്നും മരിച്ചീനി കർഷകർക്കായി പ്രോത്സാഹനം ലഭിക്കണം. നാളികേരം,റബർ തുടങ്ങിയവ സർക്കാർ തലത്തിൽ താങ്ങുവില പ്രഖ്യാപിച്ചതുപോലെ മരച്ചീനിക്കും പ്രഖ്യാപിക്കണം. മാത്രവുമല്ല സർക്കാർ നേരിട്ട് സംഭരിക്കണമെന്ന് ആവശ്യവും ശക്തമാണ്.
ആരോഗ്യത്തിനും പ്രശ്നം
മരിച്ചീനിയും മത്സ്യ വിഭവങ്ങളും ഒരു കാലത്ത് ഗ്രാമീണരുടെ ആരോഗ്യപ്രദമായ ഇഷ്ട ഭക്ഷണമായിരുന്നു. എന്നൽ ഇന്ന് ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചതോടെ കൂടുതൽ പൊട്ടാസ്യവും സ്റ്റാർച്ചും അടങ്ങിയ മരിച്ചീനി, പ്രമേഹ രോഗികൾക്ക് അനുയോജ്യമല്ലെന്ന കണ്ടെത്തലും മരിച്ചീനിയുടെ ആവശ്യക്കാർ കുറയാൻ കാരണമായി.
മൂല്യവർദ്ധത സാധ്യത
മരച്ചീനി ചിപ്‌സ്, മാവ്, സ്റ്റാർച്ച്, പായസം മിക്‌സ്, ബേക്കറി ഉത്പന്നങ്ങൾ, അനിമൽ ഫീഡ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കപ്പപ്പൊടി, കപ്പമുറുക്ക്, കപ്പ ഉപ്പേരി തുടങ്ങിയ ഉത്പന്നങ്ങൾക്കും വിറ്റുവരവുണ്ട്. എന്നാൽ ഇത്തരം മരിച്ചീനി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ചെറുകിട യൂണിറ്റുകൾ ആരംഭിക്കാൻ സബ്സിഡിയോടു കൂടിയുള്ള വായ്പാ സൗകര്യവും ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
ഫോട്ടോ
മരച്ചീനി തോട്ടം