ബഹിരാകാശ യാത്രികൻ ശുഭാംശുവിന് അശോകചക്ര; പ്രശാന്ത് നായർക്ക് കീർത്തിചക്ര

Monday 26 January 2026 2:08 AM IST

# സമുദ്രത്തിൽ വെന്നിക്കൊടി പാറിച്ച ദിൽനയ്ക്ക് ശൗര്യചക്ര

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര. ഈ ദൗത്യത്തിന് ശുക്ളയുടെ പകരക്കാരനായി നിശ്ചയിച്ചിരുന്ന മലയാളി ബഹിരാകാശ യാത്രികൻ ഗ്രൂപ്പ് ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്രയും പ്രഖ്യാപിച്ചു.

മേജർ അർഷദീപ് സിംഗ്, നായിബ് സുബേദാർ ഡൊലേശ്വർ സുബ്‌ബ എന്നിവരും കീർത്തിചക്രയ്ക്ക് അർഹരായി.

239 ദിവസം കൊണ്ട് നാല് ഭൂഖണ്ഡങ്ങളിലൂടെ സമുദ്രയ യാത്ര ചെയ്‌ത് ചരിത്രം സൃഷ്‌‌ടിച്ച നാവികസേനയിലെ കോഴിക്കോട് പറമ്പിൽ കടവിൽ സ്വദേശി ലെഫ്റ്റ. കമാൻഡർ കെ.ദിൽന, സഹയാത്രിക പുതുച്ചേരി സ്വദേശി ലെഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരിസാമി അടക്കം 13 പേർക്ക് ശൗര്യചക്രയും നൽകും. ആഭ്യന്തര മന്ത്രാലയത്തിലെ മലയാളി അസി.കമാണ്ടന്റ് വിപിൻ വിൽസണും പട്ടികയിലുണ്ട്.

രാകേശ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യക്കാരനെന്ന നിലയിലാണ് ശുഭാംശു അശോക ചക്രയ്ക്ക് അർഹനായത്. 2021നുശേഷം ആദ്യമായാണ് ഒരു സൈനികൻ അശോക ചക്രയ്ക്ക് അർഹനാവുന്നത്. പാലക്കാട് നെൻമാറ സ്വദേശിയുമായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരിൽ ഒരാളുമാണ്. ചലച്ചിത്ര താരം ലെനയാണ് ഭാര്യ.

2025 മെയിൽ ഇന്തോ-മ്യാൻമർ അതിർത്തിയിൽ നടന്ന ഓപ്പറേഷനിലെ ധീരതയ്‌ക്ക് അസം റൈഫിൾസിലെ അർഷ്ദീപ് സിംഗിനും 2025ൽ ജമ്മുകാശ്‌മീർ കിഷ്ത്വാർ വനങ്ങളിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലെ ധീരതയ്‌ക്ക് രണ്ടാം പാര ബറ്റാലിയനിലെ നായിബ് സുബേദാർ ദോലേശ്വർ സുബ്ബയ്‌ക്കും കീർത്തി ചക്ര ലഭിച്ചു.