ബസിൽ കുഴഞ്ഞുവീണ യുവാവിന് അദ്ധ്യാപികയും ജീവനക്കാരും തുണയായി

Monday 26 January 2026 12:19 AM IST

മാന്നാർ: യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ യാത്രക്കാരന് അദ്ധ്യാപികയും കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരും തുണയായി. തിരുവല്ലയിൽ നിന്ന് കായംകുളത്തേക്ക് പോയ മാവേലിക്കര ഡിപ്പോയുടെ ആർ.എസ്.കെ 580 എന്ന ബസിൽ യാത്ര ചെയ്ത ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ ജീവനാണ് അതേ ബസിലെ യാത്രക്കാരിയായ മാവേലിക്കര ബിഷപ് ഹോഡ്‌ജസ് ഹൈസ്കൂൾ യു.പി വിഭാഗം ഗണിത അദ്ധ്യാപിക മിനി തോമസ്, ബസ് ഡ്രൈവർ ആർ.വിഷ്ണു, കണ്ടക്ടർ പി.പ്രശാന്ത് എന്നിവരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കാൻ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ 9.30 ന് തിരുവല്ലയിൽ നിന്ന് പുറപ്പെട്ട ബസ് ചെറുകോൽ എത്തുമ്പോഴാണ് സംഭവം. ബസിന്റെ ഏറ്റവും പിറകിലെ സീറ്റിൽ ഇരുന്ന വിഷ്ണു പെട്ടെന്ന് വീണപ്പോൾ കണ്ടക്ടർ പ്രശാന്ത് കൈ കൊണ്ട് പിടിച്ച് ഉയർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപിക മിനി തോമസ് ഓടിയെത്തി യുവാവിന്റെ പൾസ് പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. യുവാവിനെ ബസിൽ തന്നെ താഴെ കിടത്തി അദ്ധ്യാപിക സി.പി.ആർ നൽകുകയായിരുന്നു. ആറ് തവണ സിപി.ആർ നൽകിയ ശേഷമാണ് യുവാവിന് നേരിയ ചലനമുണ്ടായത്. ഉടനെ ബസ് മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലേക്ക് യാത്രക്കാരുമായി പാഞ്ഞു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച യുവാവിന് ഡോക്ടർമാർ അടിയന്തര വൈദ്യ സഹായം നൽകി. യാത്രക്കാരന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ച ശേഷമാണ് അദ്ധ്യാപികയും ബസ് ജീവനക്കാരും മടങ്ങിയത്. അപ്രതീക്ഷിതമാണെങ്കിലും സമയോജിതമായി ഇടപെടാൻ കഴിഞ്ഞത് ദൈവം നൽകിയ ഒരു അനുഗ്രഹമായി കരുതുന്നതായി അദ്ധ്യാപിക മിനി തോമസ് പറഞ്ഞു. മാന്നാർ മേൽപാടം ജയ് കേറ്ററേഴ്സ് ഉടമ ജാർലിയുടെ ഭാര്യയാണ് മിനി തോമസ്. താമരക്കുളം സ്വദേശിയായ കണ്ടക്ടർ പ്രശാന്ത് ശനിയാഴ്ച പകരക്കാരനായിട്ടാണ് ഈ ബസിൽ കയറിയത്. ഹരിപ്പാട് സ്വദേശിയാണ് ബസ് ഡ്രൈവർ വിഷ്ണു.