മെഡി.കോളേജ് ആശുപത്രി:​ പ്രധാന റോഡ് തകർന്നിട്ടും അധികൃതർക്ക് അറിഞ്ഞഭാവമില്ല

Monday 26 January 2026 12:21 AM IST

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടം മുതൽ ആശുപത്രിവരെയുള്ള റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ ഏറെയായി.

രോഗികളുമായി വരുന്ന ആംബുലൻസും സ്വകാര്യ വാഹനങ്ങളും അതിൽ സഞ്ചരിക്കുന്ന രോഗികളും വളരെ കഷ്ടതയാണ് അനുഭവിക്കുന്നത്. കുറച്ച് ഭാഗങ്ങൾ ടൈൽ പാകിയിട്ടുണ്ടങ്കിലും അതിൽ കൂടുതൽ ഭാഗവും ടാർ ഇളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. അത്യാഹിത വിഭാഗത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി മോർച്ചറിയിലേക്ക് പോകുന്ന റോഡിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഇതിന് വേണ്ടി പി.ഡബ്ല്യു.ഡി 5 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. ഈ തുക കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ടെണ്ടർ ഏറ്റെടുക്കാൻ കോൺട്രാക്ർമാർ തയ്യാറാകുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്തായാലും,​ റോഡ് നന്നാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.

ഒ.പി ചീട്ട് എടുക്കുന്ന കെട്ടിടത്തിലെ അസൗകര്യങ്ങളാണ് രോഗികളെയും ബന്ധുക്കളെയും വലയ്ക്കുന്ന മറ്റൊരുപ്രധാന പ്രശ്നം. രോഗികൾ പൊരി വെയിലത്ത് നീണ്ട ക്യൂവിൽ നിന്ന് ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് ശ്വാശത പരിഹാരം ഉണ്ടാകണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

ആശുപത്രിയിലേേക്കുള്ള റോഡുകളുടെയും ആശുപത്രിയിലെ പോരായ്മകളും എത്രയും വേഗം പരിഹരിക്കണം. ഇല്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കും

- സജിമോൻ പുന്നപ്ര, ജാഗ്രതാസമിതി പ്രസിഡന്റ്