മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ മാർക്ക് ടള്ളി അന്തരിച്ചു
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാന സംഭവ വികാസങ്ങൾ ബി.ബി.സിക്കു വേണ്ടി റിപ്പോർട്ട് ചെയ്‌ത പ്രമുഖ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടള്ളി (90) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഡൽഹി മാക്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആധുനിക ഇന്ത്യയിലെ ചരിത്ര നിമിഷങ്ങൾ ലോകത്തെ അറിയിച്ചതിലൂടെ 'ഇന്ത്യയുടെ ശബ്ദ"മായി അറിയപ്പെട്ടു. 2005ൽ പദ്മഭൂഷണും 1992ൽ പദ്മശ്രീയും നൽകി രാജ്യം ആദരിച്ചു.
കൊൽക്കത്തയിൽ ജനിച്ച ടള്ളി ഇംഗ്ളണ്ടിലെ വിദ്യാഭ്യാസത്തിന് ശേഷം 1964ൽ ബി.ബി.സിയിൽ ചേർന്നു. തൊട്ടടുത്ത വർഷം ഇന്ത്യയിലെത്തി. 22 വർഷത്തോളം ബി.ബി.സി ന്യൂഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു. 1971ലെ ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, സുവർണക്ഷേത്രത്തിലെ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ, ഭോപ്പാൽ ദുരന്തം, മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധങ്ങൾ, ബാബ്റി മസ്ജിദ് തകർക്കൽ എന്നിവയുൾപ്പെടെ ആധുനിക ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലുകൾ റിപ്പോർട്ട് ചെയ്തു. 1994ൽ ബി.ബി.സിയിൽ നിന്ന് രാജിവച്ച ശേഷം ഡൽഹിയിൽ ഫ്രീലാൻസ് ജേർണലിസ്റ്റായി പ്രവർത്തിച്ചു.
നോ ഫുൾ സ്റ്റോപ്‌സ് ഇൻ ഇന്ത്യ, ഇന്ത്യ ഇൻ സ്ലോ മോഷൻ, ദ ഹാർട്ട് ഒഫ് ഇന്ത്യ എന്നിവയുൾപ്പെടെ പത്ത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2002ൽ അദ്ദേഹത്തിന് ബ്രിട്ടീഷ് നൈറ്റ് പദവി ലഭിച്ചു. ഭാര്യ മാർഗ്രറ്റും നാല് മക്കളും ലണ്ടനിലാണ്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഴുത്തുകാരി ഗിലിയൻ റൈറ്റ് ടള്ളിയുടെ ദീർഘകാല ജീവിത പങ്കാളിയായിരുന്നു.