ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കത്തിച്ചുകൊന്നു
ധാക്ക: ബംഗ്ലാദേശിൽ ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു. നർസിങ്ഡി സ്വദേശി ചഞ്ചൽ ചന്ദ്ര ഭൗമികാണ് (23) ദാരുണമായി കൊല്ലപ്പെട്ടത്. കാർ മെക്കാനിക്കായ ചഞ്ചൽ വെള്ളിയാഴ്ച രാത്രി വർക്ക്ഷോപ്പിൽ കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം. അക്രമി പുറത്തുനിന്ന് വർക്ക്ഷോപ്പിന്റെ ഷട്ടർ അടച്ചശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. വർക്ക്ഷോപ്പിൽ എൻജിൻ ഓയിലും പെട്രോളും സൂക്ഷിച്ചിരുന്നതിനാൽ തീ ആളിപ്പടർന്നു. ഉള്ളിൽ കുടുങ്ങിയ ചഞ്ചൽ തത്ക്ഷണം മരിച്ചു. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു. കെട്ടിടത്തിൽ തീ ആളിപ്പടർന്നെന്ന് ഉറപ്പാക്കിയ ശേഷമാണ് അക്രമി കടന്നുകളഞ്ഞത്. മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമാണെന്ന് ചഞ്ചലിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.
അജ്ഞാതൻ വർക്ക്ഷോപ്പിന് ചുറ്റും നടക്കുന്നതിന്റ സി.സി ടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഒന്നിലേറെ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. അതേസമയം, തീപിടിത്തമുണ്ടായത് വൈദ്യുതി തകരാറ് മൂലമാണെന്ന തരത്തിൽ പൊലീസ് അന്വേഷണം നടത്തിയെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധവും ഉയർന്നു. രാജ്യത്ത് ഹിന്ദുക്കൾ കൊല്ലപ്പെടുന്നത് തുടർക്കഥയായിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും കൊലകളെ പൊലീസ് വ്യക്തി വൈരാഗ്യമോ ക്രിമിനൽ ബന്ധമോ ആക്കി മുദ്രകുത്തുകയാണെന്നും വിവിധ സംഘടനകൾ ആരോപിച്ചു. ഡിസംബർ മുതൽ 18ഓളം ഹിന്ദുക്കൾ രാജ്യത്ത് കൊല്ലപ്പെട്ടെന്ന് ന്യൂനപക്ഷ സംഘടനകൾ പറയുന്നു.