യു.എസിൽ പിടിമുറുക്കി ശൈത്യം
Monday 26 January 2026 7:02 AM IST
ന്യൂയോർക്ക്: യു.എസിൽ ശക്തമായ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും. 'ഫേൺ" എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ടെക്‌സസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ നീളുന്ന 2000 മൈൽ പ്രദേശത്തെ 23 കോടി ജനങ്ങളെ ബാധിച്ചെന്നാണ് കണക്ക്. ഇന്നലെ രാജ്യവ്യാപകമായി 8,00,000 ഉപഭോക്താക്കളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ടെക്സസ്, മിസിസിപ്പി, ലൂസിയാന സംസ്ഥാനങ്ങളെയാണ് വൈദ്യുതി തടസം കൂടുതൽ ബാധിച്ചത്. ഇന്നലെ മാത്രം 10,100 വിമാന സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച 4,000ത്തിലേറെ സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതുവരെ 5 പേരാണ് കടുത്ത ശൈത്യം മൂലം മരിച്ചത്. ശീതക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ 20ലേറെ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.