77-ാം റിപ്പബ്ലിക് ദിനാഘോഷം; പരേഡ് കർത്തവ്യപഥിൽ ആരംഭിച്ചു, യൂറോപ്യൻ യൂണിയൻ നേതാക്കൾ അതിഥികൾ
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ആരംഭിച്ചു. മുഖ്യാതിഥികളായ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം 'പരമ്പരാഗത ബഗ്ഗി'യിൽ വന്നിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് കർത്തവ്യപഥിൽ എത്തിയത്. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റാഫേൽ,സുഖോയ്,മിഗ്,ജാഗ്വാർ യുദ്ധവിമാനങ്ങൾ ഫ്ലൈ പാസ്റ്റ് നടത്തും. വന്ദേമാതരത്തിന്റെ 70-ാം വാർഷികവുമായി ബന്ധപ്പെട്ട ഛായാചിത്രങ്ങളും പുഷ്‌പാലങ്കാരവും രാജവീഥിയെ ശോഭനമാക്കാൻ ഒരുക്കിയിട്ടുണ്ട്. ബ്രഹ്‌മോസ് -ആകാശ് മിസൈൽ സിസ്റ്റം, മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ (എം.ആർ.എസ്.എ.എം) സിസ്റ്റം, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലെറി ഗൺ സിസ്റ്റം, നാഗ് മിസൈൽ സിസ്റ്റം, ധനുഷ് ആർട്ടിലെറി ഗൺ, അർജുൻ യുദ്ധടാങ്ക്, തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ തുടങ്ങിയവ ഇന്ത്യയുടെ കരുത്ത് വിളിച്ചോതും. അതിർത്തികളിൽ അതിവേഗ നീക്കങ്ങൾ നടത്താൻ രൂപീകരിച്ച പുതിയ 'ഭൈരവ് ബറ്റാലിയനും', 9 വനിതാ അഗ്നിവീറുകളുടെ ബാൻഡ് സംഘമുണ്ടാകും. കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കുന്നുണ്ട്. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും, കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) ദേശീയ ടീമിൽ സംസ്ഥാനത്തു നിന്നുള്ള 12 അംഗ സംഘവും ചേരുന്നുണ്ട്.
കനത്ത സുരക്ഷാവലയത്തിലാണ് ഡൽഹി. കഴിഞ്ഞ നവംബർ 10ന് ചെങ്കോട്ടയ്‌ക്കു സമീപം സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനമാണെങ്ങും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ കഴിയുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമുള്ള എ.ഐ കണ്ണടകൾ ധരിച്ചാവും കർത്തവ്യപഥിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി. പൊലീസ് ഡേറ്റ ബേസിൽ ക്രിമിനൽ റെക്കോർഡുള്ളവരുടെ മുഖം കാണുന്നതോടെ കണ്ണടയിൽ ചുവന്ന വെളിച്ചം തെളിയും. കൈയോടെ കസ്റ്റഡിയിലെടുക്കാം. സി.സി.ടി.വി ക്യാമറകൾ, ഡ്രോണുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. പരേഡ് കടന്നു പോകുന്ന റൂട്ടിൽ 10,000ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഡൽഹിയിലുടനീളം പ്രധാന റോഡുകൾ അടച്ചിടുമെന്നും വഴിതിരിച്ചുവിടുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. രാവിലെ 10.30 ന് വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച പരേഡ് കർതവ്യ പാത, ഇന്ത്യാ ഗേറ്റ്, തിലക് മാർഗ്, ബഹാദൂർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ് എന്നിവയിലൂടെ കടന്ന് ചെങ്കോട്ടയിൽ സമാപിക്കും. രാവിലെ മുതൽ ഗതാഗതം നിയന്ത്രണമുണ്ടാകും. പരേഡ് റൂട്ടിലെ പ്രധാന റോഡുകളായ സിഹെക്സഗണും അതിന്റെ സമീപ റോഡുകളിലും പരിപാടി സമയത്ത് പൊതു, സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.