ഫാംഹൗസിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു,​ പാക് ഇതിഹാസ താരത്തിന്റ മകൻ പിടിയിൽ

Monday 26 January 2026 8:44 PM IST

ലാഹോർ: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ പാകിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരമായ അബ്ദുൾ ഖാദിറിന്റെ മകൻ സുലൈമാൻ ഖാദി‌ർ പിടിയിൽ. സുലൈമാൻ ഖാദിർ ഫാംഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പാകിസ്ഥാന്റെ മുൻ ലെഗ് സ്പിന്നർ അബ്ദുൾ ഖാദിറിന്റെ നാലുമക്കളിൽ ഒരാളാണ് 41കാരനായ സുലൈമാൻ ഖാദിർ. .

ഈ മാസം 23നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്യുന്ന തന്നോട് 22ന് രാവിലെയാണ് പിറ്റേദിവസം ഫാംഹൗസ് വൃത്തിയാക്കാൻ ചെല്ലണമെന്ന് അറിയിച്ചതെന്ന് പരാതിക്കാരി പറയുന്നു. 23ന് രാവിലെ പത്തുമണിയോടെ ന്യൂവാസ് ബാർക്കിയിലെ അബ്ദുൾ ഖാദി‌‌ർ ക്രിക്കറ്റ് അക്കാഡമിക്ക് സമീപമുള്ള ഫാം ഹൗസ് നമ്പർ 21ലേക്ക് തന്നെ കാറിൽ കൊണ്ടുപോകുകയായിരുന്നു എന്ന് പരാതിക്കാരി പറഞ്ഞു. അവിടെ എത്തിയപ്പോൾ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും ബലമായി തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്ന സുലൈമാൻ 2005നും 2013നും ഇടയിൽ 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.

2019ൽ അന്തരിച്ച അബ്‌ദുൾ ഖാദിർ പാകിസ്ഥാന് വേണ്ടി 67 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 236 ടെസ്റ്റ് വിക്കറ്റുകളും 132 ഏകദിന വിക്കറ്റുകളും നേടിയിട്ടുണ്ട്.