മാരക മയക്കുമരുന്നായ മെത്താക്യുലോണുമായി വിദേശ വനിത കൊച്ചിയിൽ പിടിയിൽ

Tuesday 27 January 2026 8:39 AM IST

കൊച്ചി: മാരക മയക്കുമരുന്നുമായി വിദേശ വനിത നെടുമ്പാശേരി വിമാനത്താവളത്തിൽ പിട‌ിയിൽ. ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയ ടോംഗോ സ്വദേശിനി ലറ്റീഫ് ഫറ്റാവോയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. നാല് കിലോ മെത്താക്യുലോൺ ആണ് ലറ്റീഫിൽ നിന്ന് പിടികൂടിയത്.

കൊച്ചിയിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോകാനിരിക്കവേയാണ് യുവതി പിടിയിലായത്. കസ്റ്റംസ് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് പിടിവീണത്. മാരക രാസലഹരിയിൽ ഉൾപ്പെടുന്നതാണ് മെത്താക്യുലോൺ. വിപണിയിൽ രണ്ടുകോടിയിലേറെയാണ് ഇതിന് വിലയെന്ന് കസ്റ്റംസ് പറയുന്നു. മുൻപും ഇവർ ഡൽഹിയിൽ സമാനരീതിയിൽ മെത്താക്യുലോൺ എത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.