'മിസ്റ്റർ പ്രധാനമന്ത്രി, ആരോപണം ശുദ്ധ അസംബന്ധം', മോദിക്കെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിൻ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. സ്ത്രീ സുരക്ഷ, മണിപ്പൂർ കലാപം, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സ്റ്റാലിൻ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചത്. തഞ്ചാവൂരിൽ നടന്ന ഡിഎംകെ വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തമിഴ്നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പ്രധാനമന്ത്രിയുടെ ആരോപണം ശുദ്ധ അസംബന്ധമാണ്. മിസ്റ്റർ പ്രധാനമന്ത്രി, ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടം തമിഴ്നാടാണെന്ന് ഞാൻ തലയുയർത്തി തന്നെ പറയും. തൊഴിലിടങ്ങളിൽ സ്ത്രീപങ്കാളിത്തം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് തമിഴ്നാട്'. സ്റ്റാലിൻ പറഞ്ഞു.
'സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോൾ കേന്ദ്രം എവിടെയായിരുന്നു? 260 മരണം, ഒരു ലക്ഷത്തോളം അഭയാർത്ഥികൾ എന്നിട്ടും സമാധാനം കൊണ്ടുവരാൻ ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരിന് കഴിഞ്ഞില്ല. തമിഴ്നാട്ടിലെ മയക്കുമരുന്ന് പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നവർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ വഴിയാണ് ഇവ ഇന്ത്യയിലേക്ക് എത്തുന്നതെന്ന് ഓർക്കണം. ഇതെല്ലാം കേന്ദ്ര ഏജൻസികളുടെ വീഴ്ചയാണ്'. അദ്ദേഹം വ്യക്തമാക്കി.
എഐഎഡിഎംകെ-ബിജെപി സഖ്യം വീണ്ടും ഒന്നിച്ചതിനെ സ്റ്റാലിൻ പരിഹസിച്ചു. അവർ പരാജയപ്പെട്ട സഖ്യമാണെന്നും ഇഡി ഐടി റെയ്ഡുകളെ ഭയന്നാണ് പലരും എൻഡിഎയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019ലും 2021ലും ജനങ്ങൾ തള്ളിക്കളഞ്ഞ ഈ സഖ്യത്തെ ഇത്തവണയും തമിഴ്നാട് സ്വീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സ്റ്റാലിൻ പ്രസംഗം അവസാനിപ്പിച്ചത്. 'മുഖ്യമന്ത്രിയായ ശേഷം ഞാൻ ആദ്യം ഒപ്പിട്ടത് സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയായിരുന്നു. സ്ത്രീകൾ ഇതിനെ 'സ്റ്റാലിൻ ബസുകൾ' എന്നാണ് വിളിക്കുന്നത്. അങ്ങനെ കേൾക്കുന്നത് പദ്ധതിയുടെ വിജയത്തിന് തെളിവാണ്'. അദ്ദേഹം ചൂണ്ടികാണിച്ചു.
അതേസമയം, സമ്മേളനത്തിൽ സംസാരിച്ച ഡിഎംകെ എംപി കനിമൊഴി, തിരഞ്ഞെടുപ്പ് കാലത്ത് മാത്രം തമിഴ്നാട്ടിലെത്തുന്ന ടൂറിസ്റ്റ് പ്രധാനമന്ത്രിയാണ് മോദിയെന്ന് പരിഹസിക്കുകയും ചെയ്തു. പ്രളയ ദുരിതാശ്വാസം, ഹൊസൂർ വിമാനത്താവള പദ്ധതി തുടങ്ങിയവയിൽ കേന്ദ്രത്തിന്റെ അവഗണനയെക്കുറിച്ചും അവർ ചോദ്യം ചെയ്തു. ഫെബ്രുവരിയിൽ തമിഴ്നാട്ടിലുടനീളം അഞ്ച് വമ്പൻ സമ്മേളനങ്ങൾ കൂടി നടത്തി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് ഡിഎംകെയുടെ തീരുമാനം.