കൊൽക്കത്തയിലെ ഗോഡൗണിൽ തീപിടിത്തം; മരണസംഖ്യ എട്ടായി, കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
കൊൽക്കത്ത: ആനന്ദപൂരിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. കാണാതായ 21പേർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്‌ച പുലർച്ചെ 2.30ഓടെയായിരുന്നു തീപിടിത്തം. കൊൽക്കത്തയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപ്പാസിന് സമീപം ജനസാന്ദ്രതയുള്ള പ്രദേശമാണ് ആനന്ദപൂർ.
റിപ്പോർട്ടുകൾ പ്രകാരം ഗോഡൗണിനുള്ളിൽ 30ഓളംപേർ ഉണ്ടായിരുന്നു. കാണാതായവരിൽ ഭൂരിഭാഗവും മറ്റ് ജില്ലകളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. കെട്ടിടത്തിനുള്ളിൽ വലിയ അളവിൽ തെർമോക്കോളും മറ്റ് കത്തുന്ന വസ്‌തുക്കളും സൂക്ഷിച്ചിരുന്നതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഗോഡൗണിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കുകളും പാക്കറ്റ് ഭക്ഷണങ്ങളും പൂർണമായും കത്തിനശിച്ചു. ഇത് തീ വേഗത്തിൽ പടരാനും കാരണമായി.
പത്ത് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയിട്ടും തീ അണയ്‌ക്കാൻ കഴിയാതായതോടെ വീണ്ടും രണ്ട് സംഘത്തെ കൂടി സ്ഥലത്തെത്തിച്ചു. മണിക്കൂറുകളോളമെടുത്താണ് തീ അണച്ചത്. അതിനാൽത്തന്നെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ബുൾഡോസർ എത്തിച്ചാണ് അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌തത്. മുൻകരുതലിന്റെ ഭാഗമായി സമീപത്തുള്ള തൊഴിലാളികളുടെ മെസ്സും ഒരു വീടും ഒഴിപ്പിച്ചു.
കാണാതായവരുടെ ബന്ധുക്കൾ കെട്ടിടത്തിന് മുന്നിൽത്തന്നെയുണ്ട്. തീപിടിത്തം ഉണ്ടായപ്പോൾ പങ്കജ് ഹൽദാർ എന്നയാൾ കുടുംബത്തെ വിളിച്ച് വിവരം അറിയിച്ചുവെന്നും പിന്നീട് കോൾ കട്ടായെന്നും ബന്ധുക്കൾ പറയുന്നു. വർഷങ്ങളായി ഗോഡൗണിൽ ജോലി ചെയ്‌തിരുന്ന ബസുദേബ് ഹൽദാറിനെയും കാണാനില്ല. ഇയാളുടെ സൈക്കിൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കെട്ടിട ഉടമകളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.