സാധന സാമഗ്രികളുടെ വിലയിൽ കുറവില്ല, അടിത്തറ ഇളകി നിർമ്മാണ മേഖല
കോട്ടയം : ജി.എസ്.ടിയിൽ ഇളവ് വന്നിട്ടും നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിയുന്നില്ല. സിമന്റും, സ്റ്റീലും ഒഴികെ മറ്റ് സാധന സാമഗ്രികളുടെ വിലയിൽ കുറവ് വന്നിട്ടില്ല. പി.വി.സി , വയർ സാമഗ്രികൾ, പെയിന്റ്, ടൈൽ തുടങ്ങിയവയുടെ വിലയിൽ മാറ്റമില്ല. മുഴുവൻ തുകയും കണ്ടെത്തിയതിന് ശേഷം നിർമ്മാണം ആരംഭിച്ചവർക്ക് പോലും അടിതെറ്റുകയാണ്. കരാർ എടുത്തവരും പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നു. പുതിയ നിർമ്മാണ ജോലികൾ ആരംഭിക്കാനും സാധിക്കുന്നില്ലെന്ന് കരാറുകാർ പറയുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലയിലെ മിക്ക ക്രഷറുകളുടെയും പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. കൂത്താട്ടുകുളത്ത് നിന്നാണ് ജില്ലയിലേക്ക് ആവശ്യമായ എം.സാൻഡും, ടി.സാൻഡും കഞ്ഞിക്കുഴി, ഏറ്റുമാനൂർ, ഗാന്ധിനഗർ, കുമാരനല്ലൂർ, ചെങ്ങളം യാർഡുകളിലേക്കെത്തിക്കുന്നത്. പല വാഹനങ്ങളും കൂത്താട്ടുകുളത്തെ ക്വാറിയിലേക്ക് എത്തിച്ചേരാത്തതിനാൽ ലോഡ് എടുക്കുന്നത് ഇരട്ടി ചെലവിനും ഇടയാക്കുന്നു. തോന്നുംപടിയാണ് ചാർജ് ഈടാക്കുന്നത്. പാറപ്പൊടി ഉപയോഗവും കുറഞ്ഞു. ഹേളോബ്രിക്‌സ് കട്ടയിൽ നിന്ന് ഭൂരിഭാഗവും സോളിഡ് കട്ടയിലേക്ക് മാറി.
വർക്ക് കിട്ടാതെ കോൺട്രാക്ടർമാർ
ജില്ലയിലെ 40 ശതമാനം കോൺട്രാക്ടർമാർക്കാണ് വർക്ക് ഇല്ലാതായത്. ജീവനക്കാരെയടക്കം പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി. അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നവർ അവിടെ സ്ഥിരതാമസമാക്കി. ഇതോടെ നാട്ടിൽ വീട് നിർമ്മിച്ചിടുന്ന പ്രതീതി കുറഞ്ഞു. ഇതും നിർമ്മാണ മേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണമായി. ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണവും പാതിവഴിയിലാണ്. നിർമ്മാണ പ്രവർത്തനം കുറഞ്ഞതോടെ തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. ഉള്ളവർക്കാകട്ടെ കൂടുതൽ കൂലിയും കൊടുക്കണം. 1200 രൂപയാണ് മേസ്തിരിയുടെ വേതനം. ഹെൽപ്പറിന് 900.
നിർമ്മാണ സാമഗ്രികളുടെ വില സിമന്റ് : 320 (ഒരു ചാക്ക്) എം സാൻഡ് : 70 രൂപ (ഒരടി) പി സാൻഡ് : 73 (ഒരടി) സിമന്റ് കട്ട : 38 - 43 രൂപ കമ്പി : 65 - 75 വരെ (കിലോ) കരിങ്കല്ല് : 8500 - 9000 (150 അടി) ചുടുകട്ട: 12 രൂപ (ഒരെണ്ണം) മെറ്റിൽ : 65 രൂപ (ഒരടി)
''നിർമ്മാണ പൂർണ്ണമായും തകർന്ന നിലയിലാണ്. 40 ശതമാനം കൺസ്ട്രക്ഷൻ നടക്കുന്നില്ല. മേഖലയെ സംരക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.
-(കെ.സന്തോഷ് കുമാർ, ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് )