കുട്ടികളുടെ സമൂഹമാദ്ധ്യ അക്കൗണ്ടുകള്‍ നിരോധിക്കാന്‍ നീക്കം; മാതൃക ഈ രാജ്യം
പനജി: കുട്ടികള്‍ പലതരത്തിലുള്ള കെണികളിലേക്ക് വീഴുന്നതിന് ഇന്ന് സമൂഹമാദ്ധ്യമങ്ങളുടെ ഉപയോഗം ഒരു കാരണമാണ്. അമിതമായുള്ള സമൂഹമാദ്ധ്യമ ഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യത്തെപ്പോലും ബാധിക്കുന്നുണ്ട്. ഇത്തരം ആശങ്കകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ നിരോധിക്കാന്‍ ഒരുങ്ങുകയാണ് ഗോവ. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയെ മാതൃകയാക്കാനാണ് നീക്കം നടക്കുന്നത്.
'ഓസ്‌ട്രേലിയയുടെ നിയമങ്ങള്‍ ഞങ്ങള്‍ പഠിച്ചുവരികയാണ്. ഇതിലൂടെ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രവേശനം എങ്ങനെ നിയന്ത്രിക്കാമെന്നാണ് പരിശോധിക്കുന്നത്.' ഗോവ ഇന്‍ഫോടെക് മന്ത്രി രോഹന്‍ ഖൗന്റെ പറഞ്ഞു. 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ ഉപയോഗം തടയാന്‍ നേരത്തെ ആന്ധ്രപ്രദേശ് സര്‍ക്കാരും നടപടികള്‍ ആലോചിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു നീക്കം കേന്ദ്ര സര്‍ക്കാര്‍ ഇതുവരേയും ആലോചിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു കാര്യം നടപ്പിലാക്കണമെങ്കില്‍ പ്രത്യേക നിയമനിര്‍മാണം നടത്തേണ്ടിവരും. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങള്‍ പഠിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ആന്ധപ്രദേശില്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രിലേയയില്‍ നിയന്ത്രണം നടപ്പാക്കിയത്.
ഓസ്‌ട്രേലിയയില്‍ നിയന്ത്രണം നടപ്പിലാക്കി ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിച്ചിരുന്നു. ഈ വിഷയത്തില്‍ ഓസ്‌ട്രേലിയയും തീരുമാനം, അവര്‍ അത് നടപ്പിലാക്കിയ രീതി തുടങ്ങിയവ നിരവധി ലോകരാജ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.