കാഴ്ചക്കാരെ കുളിർപ്പിക്കാൻ വെട്ടിക്കൽ വെള്ളച്ചാട്ടവും

Wednesday 28 January 2026 3:41 AM IST

കാർഷിക മേഖലയ്ക്കും ഉണർവ്

ആറ്റിങ്ങൽ: കാർഷിക ടൂറിസം കലണ്ടറിൽ ഇടംപിടിച്ച പിരപ്പമൺകാട് ഏലായുടെ കരയിൽ വെട്ടിക്കലിൽ പാലത്തിന് സമീപത്തെ വെള്ളച്ചാട്ടവും ശ്രദ്ധേയമാകുന്നു. മാമം ആറിന് കുറുകെ ബ്രിട്ടീഷുകാരാണ് തടയണ നിർമ്മിച്ചത്.

1894ൽ കരിങ്കല്ലിലായിരുന്നു നിർമ്മാണം.

അറുപത് മീറ്ററോളം വീതിയിൽ വെട്ടിക്കൽ നടപ്പാലത്തിന് സമീപം മാമം നദിക്ക് കുറുകെയാണ് തടയണ നിർമ്മിച്ചത്. കരിങ്കകല്ലുകളെ ബന്ധിപ്പിക്കാൻ കല്ലുകളിൽ കുഴികളുണ്ടാക്കി അതിൽ ഇരുമ്പ് പട്ടകൊണ്ട് ചേർത്ത് പിടിപ്പിച്ചിരിക്കുന്നു. കല്ലുകൾക്കിടയിലെ വിടവുകൾ മൂടിയത് കുമ്മായവും,ശർക്കരയും ചേർത്ത സൂർക്കി മിശ്രിതം കൊണ്ടാണ്.

എന്നാൽ കാലപ്പഴക്കം കൊണ്ട് തടയണയുടെ രണ്ടിടങ്ങളിലെയും ഇരുമ്പ് പൈപ്പുകൾ തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു.പിരപ്പമൺകാട് ഏറെടൂറിസം സാദ്ധ്യതയുള്ള സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ട് തടയണയുടെ കാഴ്ച ആസ്വദിക്കാൻ ഇവിടെ ഏറുമാടവും ഉയർന്നു കഴിഞ്ഞു. സീസണുകളിൽ ടൂറിസ്റ്റുകളെ ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ മുഖം തന്നെ മാറുമെന്നാണ് വിലയിരുത്തൽ. ദേശീയപാത 66ൽ 18-ാം കല്ലിൽ നിന്ന് ഒന്നരക്കിലോ മീറ്ററിനുള്ളിലാണീ പ്രകൃതിരമണിയമായ പിരപ്പമൺകാട് പാടവും തടയണയും.

നാല് തട്ടുകളിലായി മാമം നദിയിൽ നിർമ്മിച്ച തടയണ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അന്നത്തെ എൻജിനിയറിംഗ് വൈഭവത്തിൽ ഇന്നും ഒന്നിനൊന്ന് മികവ് പുലർത്തുന്നു.

132 വർഷം പിന്നിട്ടിട്ടും ഇന്നും കരുത്തോടെ നദിയിലെ വെള്ളം സംരക്ഷിച്ച് തടയണ നിലനിൽക്കുന്നു.

തടയണ കൊണ്ട് ഈ മേഖലയിലെ നെൽക്കൃഷിയടക്കമുള്ള കർഷകർക്കാണ് പ്രയോജനം. വെള്ളം തടഞ്ഞുനിറുത്താനും,ഒഴുക്കാനും തടയണയ്ക്കിടയിൽ രണ്ടിടങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പലകകൾ കൊണ്ടുള്ള ക്രമീകരണമാണ് സജ്ജീകരിച്ചിരിക്കുന്നത്. പലകകൾ വെളളത്തിന്റെ ഒഴുക്കിന്റെ ശക്തിയിൽ ഒലിച്ചുപോകാതിരിക്കാൻ തടികളുടെ മദ്ധ്യഭാഗത്ത് ഇരുമ്പ് തൂണുകൾ കൊണ്ട് ബലപ്പെടുത്തി സംരക്ഷണകവചം ഒരുക്കിയിട്ടുണ്ട്.