ബെെക്ക് മോഷ്ടാവിന്റെ കെെയിൽ 66 പവൻ സ്വർണാഭരണങ്ങൾ; സാഹസികമായി  കീഴ്‌പ്പെടുത്തി പൊലീസ്

Tuesday 27 January 2026 9:18 PM IST

തിരുവനന്തപുരം: ബെെക്ക് മോഷ്ടാവിൽ നിന്നും പൊലീസ് 66 പവനും 67,000 രൂപയും പിടിച്ചെടുത്തു. കല്ലിയൂർ സ്വദേശി ശ്രീകാന്തിൽ നിന്നാണ് ഫോർട്ട് പൊലീസ് സ്വർണാഭരണവും പണവും പിടിച്ചെടുത്തത്. ബെെക്ക് മോഷണ കേസിൽ ഇയാളെ ഇന്ന് തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്നാണ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച ബെെക്കുമായി അന്യസംസ്ഥാനത്തേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. തുടർന്ന് പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കാട്ടാക്കട, മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ നിന്ന് മോഷ്ടിച്ച സ്വർണമാണ് ഇവയെന്ന് കണ്ടെത്തി.

അതേസമയം, പാറശാല ആറയൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിക്കായി തെരച്ചിൽ തുടരുന്നു. പൈങ്കരവീട്ടിൽ സനൽകുമാറിന്റെ വീട്ടിൽ കയറി പണം മോഷ്ടിക്കുകയും സമീപത്തെ പരശുവക്കൽ ചിത്തിരംപഴിഞ്ഞിയിൽ നിർമ്മലയുടെ വീട്ടിൽ കടന്നും കള്ളന്മാർ മോഷണശ്രമം നടത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ച നാലിന് സനൽകുമാറിന്റെ വീടിന്റെ പിൻവാതിൽ കമ്പിപ്പാരയും ചുറ്റികയും കൊണ്ട് തകർത്ത് അകത്തുകയറിയ കള്ളന്മാർ സനൽകുമാറിന്റെ ഭാര്യയുടെ ബാഗിലെ രണ്ടായിരത്തോളം രൂപ അപഹരിച്ചു. വീടിനുള്ളിലെ അലമാരയും സ്യൂട്ട്കെയ്സും മേശയും കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചെറിഞ്ഞ നിലയിലാണ്.

സനൽകുമാർ ആറൻമുളയിൽ ജോലിക്ക് പോവുകയും ഭാര്യയും മക്കളും രാത്രിയിൽ സമീപത്തെ കുടുംബ വീട്ടിലുമാണ് താമസിച്ചിരുന്നത്. ഇയാളുടെ മാതാവ് നെയ്യാറ്റിൻകര ആയുർവേദാശുപത്രിയിൽ ചികിത്സയിലുമാണ്. ഇത് മനസിലാക്കിയാണ് കള്ളന്മാർ അവിടം മോഷണം നടത്തിയത്. നിർമ്മലയുടെ വീടിന്റെ വാതിൽ കരിങ്കൽ കൊണ്ട് ഇടിച്ച് തുറക്കാൻ ശ്രമം നടത്തി. ശബ്ദംകേട്ട് നിർമ്മല ഉണർന്നതോടെ തസ്ക്കരൻമാർ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെടുകയായിരുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.