കൃഷിയിടങ്ങളിൽ കാട്ടുപന്നി വിളയാട്ടം

Wednesday 28 January 2026 3:21 AM IST

കല്ലറ: കൃഷി വിളകളോടൊപ്പം മനുഷ്യരെയും കാട്ടുപന്നികൾ ആക്രമിക്കാൻ തുടങ്ങിയതോടെ പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കല്ലറക്കാർ.ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് പ്രത്യേകാധികാരം ലഭിച്ചെങ്കിലും പല പഞ്ചായത്തുകളിലും 'വെടിപൊട്ടുന്നില്ല'. പന്നികളെ കൊല്ലാനുള്ള ചുമതല വനംവകുപ്പ് വിട്ടൊഴിയുകയും അനുമതി ലഭിച്ച പഞ്ചായത്തുകൾ നടപടി സ്വീകരിക്കാത്തതും കൃഷിയിടങ്ങളിൽ പന്നിശല്യം വ്യാപകമാക്കിയിട്ടുണ്ട്. വനംവകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചത് പഞ്ചായത്ത് ഭരണസമിതികളായിരുന്നു. ഇതോടെയാണ് ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷരെ ഓണററി വൈൽഡ്‌ലൈഫ് വാർഡൻമാരാക്കി പ്രത്യേകാധികാരം നൽകിയത്. ഏതൊക്കെ മാർഗങ്ങളിൽ കൊല്ലാമെന്നും കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡമെങ്ങനെ മറവുചെയ്യണമെന്നതും ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ഉത്തരവിൽ അവ്യക്തത

പഞ്ചായത്തുകൾ പ്രത്യേകാധികാരം വിനിയോഗിക്കാത്തതും, പന്നികളെ കൊന്നാൽ മറവുചെയ്യാനുള്ള നടപടികളിലും കൂടുതൽ വ്യക്തത വരുത്തണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾ പറയുന്നത്. വെടിവയ്ക്കുന്ന പന്നിയുടെ സംസ്‌കരണം വസ്തു ഉടമസ്ഥന്റെ ചുമതലയിലാകുന്നത് ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതിരിക്കുകയും ഇറച്ചി കടത്തുസംഘങ്ങൾ സജീവമാക്കാനും കാരണമാക്കുന്നതാണ്.

വെടിവയ്ക്കാൻ ആളില്ല

ഒരു പന്നിയെ വെടിവയ്ക്കുന്നതിനു യാത്രാപടിയും കൂടാതെ ആയിരം രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഒന്നിനെ വെടിവയ്ക്കാൻ ഒന്നിലധികം ദിവസവും പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവങ്ങളുമുണ്ട്. വെടിയുണ്ട ഒന്നിന് നൂറ്റമ്പത് രൂപയാണ്. തോക്കിന്റെ സർവ്വീസ് ചാർജു കൂടിയാകുമ്പോൾ വെടിവയ്ക്കുന്നയാളിനു മാന്യമായ വേതനം ലഭിക്കാത്ത അവസ്ഥയാണ്. ഒരു വർഷമായി പണം ലഭിച്ചിട്ടും. പുതുതായി ആരും ഈ മേഖലയിലേക്ക് വരുന്നില്ലെന്ന് മാത്രമല്ല ഉള്ളവർ കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ്.

ശല്യം രൂക്ഷം

കല്ലറ,പാങ്ങോട്,പുളിമാത്ത്,നെല്ലനാട്,വാമനപുരം,പുല്ലമ്പാറ,പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. അടിയന്തരമായി ഈ ചുമതല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും മാറ്റി വനംവകുപ്പിനെ ഏൽപ്പിക്കുകയോ ഉത്തരവിന്റെ അവ്യക്തതമാറ്റി പണം നൽകുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.