ഭരണഘടനയ്ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കണം : മന്ത്രി വാസവൻ

Wednesday 28 January 2026 1:44 AM IST

കോട്ടയം : ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. അതിദാരിദ്രം നിർമ്മാർജനം ചെയ്യാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ കേരളം ആവിഷ്‌കരിക്കുന്ന പ്രവർത്തനങ്ങളുടെ സവിശേഷത നീതി ആയോഗ് ചൂണ്ടിക്കാണിച്ചതാണ്. രാജ്യത്ത് മുഴുവൻ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്ത് സമത്വസുന്ദര ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭ അദ്ധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, എ.ഡി.എം എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, നഗരസഭാംഗം ജോഫി മരിയ ജോൺ തുടങ്ങിയവർ പങ്കെടുത്തു.