ഞെട്ടിച്ച് അരിജിത്, ഇനി പുതിയ പാട്ടുകൾ പാടില്ല; തീരുമാനം ബോളിവുഡില്‍ മിന്നി നില്‍ക്കവെ
മുംബയ്: കോടിക്കണക്കിന് ആരാധകരെ ഞെട്ടിച്ച് പിന്നണി ഗാനരംഗത്ത് നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിംഗ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗായകൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇനി സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു അദ്ഭുതകരമായ യാത്രയാണെന്നും ഗായകൻ കുറിച്ചു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്നും അരിജിത് പറഞ്ഞു.
'എല്ലാവർക്കും പുതുവർഷാശംസകൾ. കഴിഞ്ഞ വർഷങ്ങളിൽ നിങ്ങളെനിക്ക് ഒരുപാട് സ്‌നേഹം നൽകി. ആ സ്‌നേഹത്തിന് ഒരുപാട് നന്ദി. പിന്നണി ഗാനരംഗത്ത് ഇനി പ്രവർത്തിക്കില്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനമെടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്- അദ്ദേഹം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. ഏറ്റെടുത്ത വർക്കുകൾ അവസാനിപ്പിക്കുമെന്നും അതുകൊണ്ട് ഈ വർഷം പുതിയ ചില പാട്ടുകളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഹിന്ദിയിലും ബംഗാളിയിലുമാണ് അരിജിത് കൂടുതൽ സിനിമാഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലും മലയാളത്തിലും പാടിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2009ലാണ് പിന്നണി ഗാനരംഗത്തെത്തുന്നത്. സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.