കൈക്കൂലി: മുൻ വില്ലേജ് അസിസ്റ്റന്റിന് കഠിനതടവ്
Tuesday 27 January 2026 10:38 PM IST
ആലപ്പുഴ: വസ്തു പോക്കുവരവ് നടത്തുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിന് 7വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. വെൺമണി വില്ലേജ് ഓഫീസിൽ 2013 കാലഘട്ടത്തിൽ വില്ലേജ് അസിസ്റ്റന്റായിരുന്ന എ.കെ. സക്കീർ ഹുസൈനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. സെക്ഷൻ ഏഴുപ്രകാരം മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും പി.സി.ആക്ട് 1988 പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപയുമാണ് ശിക്ഷ. കോട്ടയം വിജിലൻസ് ജഡ്ജി കെ.വി. രജനീഷാണ് ശിക്ഷ വിധിച്ചത്. വിജിലൻസിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.