കുടിവെള്ള പൈപ്പ് പൊട്ടൽ.......... അലംഭാവം തുടർന്നാൽ കരാർ കമ്പനിക്കെതിരെ നടപടി
ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിനിടയിൽ കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്ന സാഹചര്യത്തിൽ അലംഭാവം തുടരുന്ന കരാർ കമ്പനികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചേർത്തല, അരൂർ മേഖലയിൽ ദേശീയപാത നിർമ്മാണത്തിനിടെ നിരന്തരം പൈപ്പുകൾ പൊട്ടുന്നത് മൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അടിയന്തരയോഗത്തിലാണ് നിർദേശം നൽകിയത്. ചൊവ്വാഴ്ച്ച പതിനൊന്നാം മൈലിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളിൽ തീർക്കണമെന്ന് കരാർ കമ്പനിക്ക് കർശന നിർദ്ദേശം നൽകി. അതുവരെ ചേർത്തല നഗരസഭ, തണ്ണീർമുക്കം, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കണം. കുടിവെള്ള പൈപ്പ് ലൈനുകൾ സംബന്ധിച്ച് വാട്ടർ അതോറിട്ടി കൃത്യമായ വിവരങ്ങൾ നൽകിയിട്ടും കരാർ കമ്പനികളുടെ അശ്രദ്ധയും അശാസ്ത്രീയമായ നടപടികളും മൂലമാണ് തുടർച്ചയായി പൈപ്പുകൾ പൊട്ടുന്നത്. പാഴാകുന്ന കുടിവെള്ളത്തിന്റെ വിലയും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായി വരുന്ന ചിലവും മുൻകാല പ്രാബല്യത്തോടെ കരാർ കമ്പനികളിൽ നിന്ന് ഈടാക്കും. റോഡ് നിർമ്മാണത്തിനായി കുഴിയെടുക്കുമ്പോൾ പൈപ്പുകൾ പൊട്ടാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും തൊഴിലാളികൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും നിർദേശം നൽകി.
പതിനൊന്നാം മൈലിൽ വീണ്ടും കുഴൽ പൊട്ടി
കുടിവെള്ള വിതരണം തകരാറിലാക്കി പതിനൊന്നാം മൈലിൽ വീണ്ടും കുഴൽ പൊട്ടി.നഗരത്തിലും തെക്കൻ പഞ്ചായത്തുകളിലും ഫെബ്രുവരി ഒന്നുവരെ കുടിവെള്ള വിതരണം നിർത്തിവെച്ചു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായാണ് ഇവിടെയും കുഴൽ പൊട്ടിച്ചത്.പ്രധാന പമ്പിംഗ് കുഴലാണു തകരാറിലായത്.കുഴൽ പൊട്ടിയൊഴുകിയ വെള്ളം ദേശീപാതയിലും നിറഞ്ഞത് ഏറെ നേരം ഗതാഗതത്തേയും ബാധിച്ചു. ചൊവ്വാഴ്ച രണ്ടരയോടെയാണ് കുഴൽ പൊട്ടിയത്. നഗരസഭ,പളളിപ്പുറം,ചേർത്തലതെക്ക്,തണ്ണീർമുക്കം, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്,മുഹമ്മ എന്നിവിടങ്ങളിൽ ഫെബ്രുവരി ഒന്നുവരെ വിതരണം മുടങ്ങും.
കുടിവെള്ളം കരാർ കമ്പനി എത്തിക്കണം
കരാർ കമ്പനികൾ അടിയന്തരപരിഹാരത്തിന് റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കണം
നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലാളികളെ ഉപയോഗിച്ച് കുഴികളെടുത്ത് പൈപ്പ് ലൈൻ ഇല്ല എന്നുറപ്പാക്കണം
കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സഹാചര്യമുണ്ടായാൽ പ്രദേശങ്ങളിൽ കരാർ കമ്പനികളുടെ ചെലവിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കണം
ഇതിനാവശ്യമായ ജലം മാക്കേകടവ് പ്ലാന്റിൽ നിന്ന് മാത്രമേ ശേഖരിക്കാവൂ
ശുദ്ധജലം കൊണ്ടുപോകുന്നതിനുള്ള വാട്ടർ ടാങ്കുകളിൽ മാത്രമേ വെള്ളം വിതരണം ചെയ്യാൻ പാടുള്ളൂ
വലിയ ടാങ്കറുകൾ എത്താത്ത ഉൾപ്രദേശങ്ങളിൽ പെട്ടി ഓട്ടോറിക്ഷകളിൽ കുടിവെള്ള വിതരണം നടത്തണം
കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളുടെ പൂർണ്ണ വിവരങ്ങൾ വാട്ടർ അതോറിട്ടിയെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണം
ജലവിതരണത്തിനായി ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ