'ബാങ്ക് പണിമുടക്ക് വെല്ലുവിളി'
Wednesday 28 January 2026 12:53 AM IST
തൃശൂർ: ബാങ്ക് ഉദ്യോഗസ്ഥർ അവധി ദിനങ്ങൾക്കുശേഷം നാലാം ദിവസം പണിമുടക്കിയത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനത്തിൽ സമരങ്ങൾ അനിവാര്യമാണ്, പക്ഷേ പജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നടത്താൻ ശ്രദ്ധിക്കണം. മൂന്നു ദിവസത്തെ മുടക്കുകൾ മനസിലാക്കി തന്നെ നാലാം ദിവസം സമരം പ്രഖ്യാപിച്ചത് ഒരുവിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. മനപ്പൂർവം യുദ്ധപ്രഖ്യാപനം നടത്തുകയാണ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള സമരമുറയെ വ്യാപാരി വ്യവസായി ഏകോപന സമിതി അപലപിക്കുന്നുവെന്ന് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് പ്രസ്താവനയിൽ വ്യക്തമാക്കി.