ഗാന്ധി പുസ്തകങ്ങളുടെ ശേഖരവുമായി ഭാസ്കരൻ പേക്കടം

Tuesday 27 January 2026 11:10 PM IST

തൃക്കരിപ്പൂർ : സ്വാതന്ത്രസമര ചരിത്രമടക്കം ഉൾക്കൊള്ളുന്ന അഞ്ഞൂറിൽപ്പരം പുസ്തകങ്ങളുടെ അപൂർവ്വ ശേഖരവുമായി അദ്ധ്യാപകനായ ഭാസ്കരൻ പേക്കടം.ഇതിൽ രാഷ്ട്രപിതാവായ മഹാത്മജിയെകുറിച്ചുള്ള ഗ്രന്ഥങ്ങൾ മാത്രം നൂറിനടുത്ത് വരും. വീട്ടിലെ ഒരു മുറിതന്നെ പുസ്തക ശേഖരത്തിനായി നീക്കിവെച്ചിരിക്കയാണ് ഈ അക്ഷര സ്നേഹി .

കേരളചരിത്രം, ഇന്ത്യൻ ചരിത്രം, ലോകചരിത്രം തുടങ്ങി ചരിത്രസംബന്ധിയായ നിരവധി പുസ്തകങ്ങളും ഗ്രന്ഥശേഖരത്തിലുണ്ട്. 1983-ൽ കാഞ്ഞങ്ങാട്ടെ ഒരു ബുക്ക് സ്റ്റാളിൽ നിന്ന് പത്തുരൂപയ്ക്ക് വാങ്ങിയ മാക്സിം ഗോർക്കിയുടെ അമ്മയിലൂടെയാണ് ഭാസ്കരൻ മാഷിന്റെ വായനയുടെ തുടക്കം.ഇരുപത്തിരണ്ടിൽ തുടങ്ങിയ വായനയോടുള്ള ആവേശം ഇന്നും തുടരുകയാണ്. അന്ന് സൗജന്യ പി.എസ്.സി ക്ലാസുകൾ ആരംഭിച്ച അദ്ദേഹം അൻപത്തഞ്ചാം വയസ്സിലും ഈ സേവനം തുടരുന്നു.

കാസർകോട് കുടുംബകോടതിയിലെ ക്ളാർക്ക് ടി.സി.ഷൈനിയാണ് ഭാര്യ. അദ്ധ്യാപക പരിശീലന വിദ്യാർത്ഥിയായ സലീൽ മാനവും പ്ളസ് ടു വിദ്യാർത്ഥിയായ സഹേൽ മാനവും മക്കളാണ്.

അൻപതിലധികം ബ്ളോഗുകൾ

സൗജന്യ ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾക്കായി 2003 മുതൽ അൻപതിലധികം ബ്ലോഗുകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. വേൾഡ് ക്ലാസിക്കുകളുടെ നാനൂറിലധികം വിവർത്തനങ്ങൾ, ഇംഗ്ലീഷ് ഗ്രാമറുമായി ബന്ധപ്പെട്ട നൂറിലധികം പുസ്തകങ്ങൾ, യുക്തിവാദം പ്രമേയമാക്കിയ നൂറ്റമ്പതിലേറെ ഗ്രന്ഥങ്ങൾ, ഇടതുപക്ഷ ചിന്താഗതിക്കാരായ സാഹിത്യകാരന്മാരുടെ സമ്പൂർണ്ണ കൃതിസമാഹാരങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്.ജി.യു.പി.എസ്. ഹോസ്ദുർഗ് കടപ്പുറം സ്കൂളിലെ പ്രഥമ അദ്ധ്യാപകനായ ഭാസ്കരൻ മാഷിന് അദ്ധ്യാപനം സാമൂഹിക ദൗത്യമാണ് .