അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണ്ണം

Wednesday 28 January 2026 1:28 AM IST
പഞ്ചദിന ബാങ്കിംഗ് എന്ന ആവശ്യമുന്നയിച്ച് ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യു.എഫ്.ബി.യു. തൊടുപുഴയിൽ നടത്തിയ ധർണ എ.ഐ.ബി.ഒ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മഹേഷ് ജയൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ നടത്തിയ ബാങ്ക് പണിമുടക്ക് സമ്പൂർണം.

പണിമുടക്കിന്റെ ഭാഗമായി ജില്ലയിൽ ബാങ്കുകൾ അടഞ്ഞുകിടന്നു. കൊമേഴ്സ്യൽ ബാങ്കുകൾക്ക് പുറമെ ഗ്രാമീൺ ബാങ്കുകളിലെയും കേരള ബാങ്കിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കാളികളായി. പണിമുടക്കിയ ജീവനക്കാർ തൊടുപുഴ എസ്.ബി.ഐ ടൗൺ ബ്രാഞ്ചിന് മുന്നിൽ നടത്തിയ ധർണ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ( എ.ഐ.ബി.ഒ.സി ) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മഹേഷ് ജയൻ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ്. ജില്ലാ ചെയർമാൻ എബിൻ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ഇ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എൻ.സനിൽ ബാബു, എൻ.സി.ബി.ഇ. ജില്ലാ സെക്രട്ടറി അനിൽകുമാർ എസ്, എ.ഐ.ബി.ഒ.സി. ജില്ലാ സെക്രട്ടറി കുര്യാച്ചൻ മനയാനി, എ.കെ.ബി.ഇ.എഫ്. ജില്ലാ കമ്മിറ്റി അംഗം ജസിൽ ജെ. വേളാച്ചേരിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ജീവനക്കാരുടെ സംയുക്ത റാലിയും നടന്നു.