നികുതി പരിഷ്കരണത്തിലെ അധികത്തുക; ഭരണ- പ്രതിപക്ഷ വാക്പോര്
തൃശൂർ: കോർപറേഷനിൽ നികുതി പരിഷ്കരണത്തിനിടെ അധികത്തുക ഈടാക്കിയ സംഭവത്തിൽ നടന്ന ചർച്ചയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര്. അധികനികുതി പിരിവ് നിരാകരിച്ച കോടതി വിധിക്കെതിരെ ഏകപക്ഷീയമായി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ മുൻ ഭരണസമിതി നടപടി മൂലം 25 ലക്ഷം രൂപയോളം അധിക ചെലവു വന്നതായി അംഗങ്ങൾ പരാതിപ്പെട്ടു. അനധികൃതമായി അപ്പീൽ നൽകാൻ തുക ചെലവിട്ട നടപടിയിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷം രംഗത്തുവന്നതോടെയാണ് ബഹളം. മുൻ കൗൺസിലിൽ 30 പേർ അപ്പീൽ നൽകേണ്ട എന്നു നിർദേശിച്ചെങ്കിലും 25 പേരുടെ പിന്തുണയോടെ അപ്പീൽ നൽകാൻ തീരുമാനിച്ചെന്ന് മിനിറ്റ്സിൽ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതിനു വക്കീൽ ഫീസായാണ് 25 ലക്ഷം രൂപ ചെലവു വന്നത്. ഇതു തിരിച്ചുപിടിക്കണമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സന്തോഷ്കുമാറാണ് ആവശ്യപ്പെട്ടത്. മിനിറ്റ്സ് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ എം.എസ്. സാജിത് പ്രതിരോധിക്കാൻ ശ്രമിച്ചത് വൻ ബഹളത്തിനിടയാക്കി. എല്ലാവർക്കും അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്നും അപ്പീൽ പോകില്ലെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് വ്യക്തമാക്കി. കോർപറേഷന് കോടികളുടെ വരുമാനം ലഭിക്കുന്നതിനായാണ് അപ്പീൽ നൽകിയതെന്ന വാദവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്ന് വിമർശനം
തൃശൂർ : ജനകീയ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കൗൺസിലർമാരുടെ പരാതി, അറിയിച്ചാലും വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്ന് വിമർശനം. പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം ചേർന്ന രണ്ടാമത്തെ കൗൺസിൽ യോഗത്തിൽ പ്രധാനമായും ഉയർന്നത് ഈ രണ്ടുകാര്യങ്ങൾ. മാലിന്യപ്രശ്‌നം ഉയർത്തി പ്രതിപക്ഷ നേതാവ് ഹിരണാണ് പൊതുച്ചർച്ചയ്ക്ക് തുടക്കമിട്ടത്. പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണെന്ന് ഹിരൺ ആരോപിച്ചു. ജീവനക്കാരെ മാനദണ്ഡം പാലിക്കാതെ സ്ഥലം മാറ്റുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും മുന്നറിയിപ്പ് നൽകി.
കോടികൾ ചെലവഴിച്ച് അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടും പഴയ മുനിസിപ്പൽ പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്ത സാഹചര്യം അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി.മേനോൻ പറഞ്ഞു. കുറ്റൂർ - പാമ്പൂർ റോഡിൽ തെരുവുവിളക്ക് കത്താത്തതും തെരുവുനായ ശല്യവും രഘുനാഥ് ഉയർത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷ്യമാലിന്യം സംസ്‌കരിക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകിയ ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ അഡ്വ.സുബി ബാബുവിനെ കൗൺസിൽ അനുമോദിച്ചു. മേയർ സുബിയെ പൊന്നാടയണിയിച്ചു.
കൗൺസിലിൽ മേയർ ഡോ.നിജി ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എ.പ്രസാദ്, അഡ്വ.അനീഷ് അഹമ്മദ്, മേഫി ഡെൽസൺ, മേഴ്‌സി അജി, അഡ്വ.രേഷ്മാ മേനോൻ, സുമേഷ്, സിജിത്ത്, പി.സുകുമാരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ബയോബിന്ന് കെട്ടിക്കിടക്കുന്നു
ലാലൂർ ഡിവിഷനിൽ കഴിഞ്ഞ ഭരണസമിതിയുടെ കാഘഘട്ടത്തിൽ വിതരണം ചെയ്ത നൂറുകണക്കിന് ബയോബിന്നുകൾ വിതരണം ചെയ്യാതെ രണ്ട് വർഷമായി കെട്ടിക്കിടക്കുകയാണെന്ന് ലാലി ജയിംസ് പറഞ്ഞു. ഇതിൽ ഭരണസമിതി ഇടപെടണം. കൗൺസിലർമാർ അറിയാതെ ബയോ ബിന്നുകൾ സ്ഥാപിക്കരുതെന്ന് എം.എൽ.റോസി ആവശ്യപ്പെട്ടു. ഗുണനിലവാരമുള്ള വാങ്ങണമെന്നും അവർ പറഞ്ഞു. അതേസമയം 40,000 ബയോ ബിന്നുകൾക്ക് കഴിഞ്ഞ ഭരണസമിതി ഓർഡർ നൽകിയിട്ട് ആയിരമാണ് എത്തിച്ചതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചന്ദ്രൻ പറഞ്ഞു. തെരുവുനായ ശല്യം എല്ലാ കൗൺസിലർമാരും ഉയർത്തി.
ഉദ്യോഗസ്ഥർക്കെതിരെ പരാതി
ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ കൗൺസിലർമാരുടെ പരാതി പ്രളയം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം റോഡിലേക്ക് കയറി നിൽക്കുന്ന തരത്തിൽ തട്ടുകട പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഹെൽത്ത് വിഭാഗത്തോട് പരാതി പറഞ്ഞ് ഒരാഴ്ച്ചയായിട്ടും നടപടിയെടുത്തില്ലെന്ന് വിൻഷി അരുൺ കുമാർ പറഞ്ഞു. കുടിവെള്ള വിഷയത്തിലും തെരുവു വിളക്കുകളുടെ കാര്യത്തിലും പരാതി പറഞ്ഞാൽ നിഷേധാത്മകമായ നിലപാടാണെന്നും ഭരണപക്ഷത്തും അഭിപ്രായമുണ്ട്.