പരാതിക്കാരിക്ക് അശ്ലീല സന്ദേശം; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Wednesday 28 January 2026 1:52 AM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കി അർദ്ധരാത്രി നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച് ശല്യംചെയ്ത സി.പി.ഒയ്‌‌ക്കെതിരെ അന്വേഷണം. തുമ്പ സ്റ്റേഷനിലെ സി.പി.ഒയും പൊലീസ് അസോസിയേഷൻ നേതാവുമായ സന്തോഷിനെതിരെയാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. ​

ഹോട്ടൽ ജീവനക്കാരിയായ യുവതി, പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് സ്റ്റേഷനിലെത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ്, പരാതിയുടെ ഭാഗമെന്ന നിലയിൽ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങി. പിന്നീട് ഈ നമ്പറിലേക്ക് രാത്രിയിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ശല്യം ചെയ്യുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറിയശേഷം, സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ കാർത്തിക് നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.