പ്രൗഢം റിപ്പബ്ലിക് ദിനം, സൈനിക, പ്രതിരോധ ശക്തി പ്രകടനം
ന്യൂഡൽഹി: ഏതു വെല്ലുവിളിയും നേരിടാനുള്ള രാജ്യത്തിന്റെ സൈനിക ശക്തിയും, പ്രതിരോധ രംഗത്തെ സാങ്കേതിക ശേഷിയും പ്രദർശിപ്പിച്ച് 77ാം റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ കരുത്തായ, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും കർത്തവ്യപഥിൽ അണിനിരന്നു. റാഫേൽ,സുഖോയ്,മിഗ്,ജാഗ്വാർ യുദ്ധവിമാനങ്ങൾ ഫ്ലൈപാസ്റ്റ് നടത്തി. വന്ദേമാതരത്തിന്റെ 70-ാം വാർഷികവുമായി ബന്ധപ്പെട്ട് 2500 കലാകാരന്മാർ അണിനിരന്ന നൃത്തശിൽപ്പം അവതരിപ്പിച്ചു. പ്രത്യേക നിശ്ചലദൃശ്യവും ഒരുക്കിയിരുന്നു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരായിരുന്നു മുഖ്യാതിഥികൾ. രാഷ്ട്രപതി ദ്രൗപദി മുർമു പരേഡിനെ അഭിവാദ്യം ചെയ്‌തു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ അശോകചക്ര നൽകി ആദരിച്ചു. 172 ഫീൽഡ് റെജിമെന്റിന്റെ 21 ഗൺ സല്യൂട്ടോടെയാണ് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ധീരതാ പുരസ്‌കാരം ശുഭാംശുവിന് രാഷ്ട്രപതി സമ്മാനിച്ചത്.
ഇന്ത്യൻ വസ്ത്രത്തിൽ
തിളങ്ങി ഉർസുല
ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. സ്വർണ - മെറൂൺ നിറത്തിലുള്ള ഇന്ത്യൻ നിർമ്മിത ബന്ധ്ഗലാ ജാക്കറ്റിൽ ഉർസുല തിളങ്ങി. ഒപ്പം വെള്ള ട്രൗസേഴ്സും. പ്രമുഖ ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിംഗാണ് വസ്ത്രം ഡിസൈൻ ചെയ്‌തത്. രാജ്യത്തിന്റെ പ്രൗഢോജ്ജ്വല ചടങ്ങുകളിൽ മികച്ച തലപ്പാവുകൾ ധരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതിവാണ്. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ അദ്ദേഹം ധരിച്ചത് കടുത്ത മെറൂൺ നിറത്തിലെ രാജസ്ഥാനി തലപ്പാവ്. സ്വർണ - മഞ്ഞ നിറങ്ങളടങ്ങിയ ബന്ദിനി പ്രിന്റ് ശോഭകൂട്ടി. ഒപ്പം കുർത്ത - പൈജാമയും.
പരിഭാഷകനായി മലയാളി
പരേഡ് കടന്നുപോകുമ്പോൾ അതിന്റെ വിശദാംശങ്ങൾ മോദി, ഉർസുലയോട് പറയുന്നുണ്ടായിരുന്നു. പരിഭാഷകനായത് എറണാകുളം സ്വദേശി സിദ്ധാർത്ഥ് ബാബു. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ്.
കേരളത്തിന്റെ ഫ്ലോട്ടും
നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിച്ചത്. നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) ദേശീയ ടീമിൽ സംസ്ഥാനത്തു നിന്നുള്ള 12 അംഗ സംഘവും ചേർന്നു.
രാഹുൽ മൂന്നാം നിരയിൽ
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കും മൂന്നാം നിരയിലായിരുന്നു സീറ്റുകൾ. കേന്ദ്രസർക്കാർ പ്രോട്ടോകോൾ ലംഘിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു.