താൻ ഇന്ത്യൻ വംശജൻ: അന്റോണിയോ കോസ്റ്റ
Wednesday 28 January 2026 1:07 AM IST
ന്യൂഡൽഹി: താൻ ഇന്ത്യൻ വംശജനെന്ന് വ്യക്തമാക്കി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. ഇന്നലെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം മനസു തുറന്നത്. ഗോവയിലാണ് തന്റെ വേരുകൾ. പോർച്ചുഗീസുകാർ ഭരിച്ചിരുന്ന മേഖലയിലായിരുന്നു പിതാവിന്റെ കുടുംബം. യൂറോപ്യൻ യൂണിയനും ഇന്ത്യയുമായുള്ള കരാർ തനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. വ്യക്തിപരമായ വിഷയമാണെന്നും കൂട്ടിച്ചേർത്തു. തന്റെ ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കാർഡ് ഉയർത്തിക്കാണിക്കുകയും ചെയ്തു. 1961ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലാണ് അന്റോണിയോ കോസ്റ്റ ജനിച്ചത്. രാഷ്ട്രീയത്തിൽ പടിപടിയായി വളർന്നു. ലിസ്ബൺ മേയറായി. 2015ൽ പോർച്ചുഗൽ പ്രധാനമന്ത്രിയായി. 2024ലാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.