ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ

Wednesday 28 January 2026 2:30 AM IST

പ്യോങ്‌യാങ്: ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ. കിഴക്കൻ കടൽ മേഖലയിലേക്ക് പ്രൊജക്റ്റൈൽ വിക്ഷേപിച്ചത് സ്ഥിരീകരിച്ചതായി ദക്ഷിണ കൊറിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി ജപ്പാൻ തീരസംരക്ഷണ സേന റിപ്പോർട്ട് ചെയ്തു.രണ്ട് മിസൈലുകളും രാജ്യത്തിന്റെ എക്സ്ക്ലൂസിവ് ഇക്കണോമിക് സോണിലൂടെ കടന്നുപോയതായി ജാപ്പനീസ് വാർത്ത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പെന്റഗണിന്റെ ഡിഫൻസ് അണ്ടർസെക്രട്ടറി ഫോർ പോളിസി എൽബ്രിഡ്ജ് കോൾബി സോളിൽ ഉന്നതതല സന്ദർശനം നടത്തിയതിന് പന്നാലെയാണിത്.ഉത്തര കൊറിയയുടെ ഈ മാസത്തെ രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്.

സമീപ വർഷങ്ങളിൽ ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.ഈ മാസം 4 ലെ പരീക്ഷണങ്ങൾ നിരീക്ഷിച്ച ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രാജ്യത്തിന്റെ ആണവ പ്രതിരോധശേഷി ശക്തിപ്പെടുത്താനും മിസൈൽ ഉൽപാദനം വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും ഉത്തരവിട്ടതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണ ശേഷി മെച്ചപ്പെടുത്തുക,അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കുക,റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ആയുധങ്ങൾ പരീക്ഷിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വിശകലന വിദഗ്ധർ പറയുന്നു.