മഹാരാഷ്‌ട്രയിൽ വിമാനാപകടം; ഉപമുഖ്യമന്ത്രി അജിത് പവാറിന് ദാരുണാന്ത്യം

Wednesday 28 January 2026 9:36 AM IST

മുംബയ്: മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് (66) ദാരുണാന്ത്യം. വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരും മരണപ്പെട്ടു. പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. രാവിലെ ഒൻപത് മണിയോടെ മുംബയിൽ നിന്ന് പറന്നുയർന്ന് ഒരുമണിക്കൂറിനുശേഷമാണ് അപകടമുണ്ടായത്.

നാല് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് ഉപമുഖ്യമന്ത്രി ബാരാമതിയിലേയ്ക്ക് വിമാനമാർഗം എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിഎസ്‌ആറിന്റെ കീഴിലുള്ള ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

എൻസിപി സ്ഥാപകനും രാഷ്ട്രീയത്തിലെ അതികായനുമായ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ലോക്‌സഭ എംപി സുപ്രിയ സുലേ ബന്ധുവും. പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിനായി ഡൽഹിയിലുള്ള ശരത് പവാറും സുപ്രിയയും ഉടൻ പൂനെയിലേയ്ക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.