നടിയുമായി രണ്ടാം വിവാഹം ഉണ്ടാകുമോ? മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ലോകേഷ്, വിമർശനം

Wednesday 28 January 2026 12:04 PM IST

ലക്ഷക്കണക്കിന് ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അടുത്തിടെ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ സംവിധായകൻ ചെന്നെെയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ ഇതിനിടെ ഒരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലോകേഷിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു ചോദ്യം.

ഒരു നടിയുമായി നിങ്ങൾ പ്രണയത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടല്ലോ? നടിയെ വിവാഹം കഴിക്കുമോയെന്നായിരുന്നു ചോദ്യം. അതിന് ഇല്ല സാർ തനിക്ക് ഇപ്പോൾ ഒരു കുടുംബമുണ്ടെന്ന് സംവിധായകൻ മറുപടി പറയുന്നു. എന്നാൽ പിന്നാലെ മാദ്ധ്യമപ്രവർത്തകൻ രണ്ടാമതൊരു കുടുംബം കൂടി തുടങ്ങുന്നോയെന്നാണ് ചോദിക്കുന്നത്. എന്നാൽ ഇതിന് മറുപടി പറയാതെ ലോകേഷ് നന്ദി പറഞ്ഞ് വേദിയിൽ നിന്ന് പോകുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മാദ്ധ്യമപ്രവർത്തകനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്ത് ചോദ്യമാണ് ഇതെന്നും വളരെ തരംതാഴ്ന്ന പ്രവൃത്തിയാണ് കാണിച്ചതെന്നുമാണ് പലരുടെയും വിമർശനം. 12 വർഷത്തെ പ്രണയത്തിനുശേഷം 2012ലാണ് ലോകേഷ് ഐശ്വര്യയെ വിവാഹം കഴിച്ചത്. ലോകേഷിനും ഐശ്വര്യയ്ക്കും രണ്ട് മക്കളുണ്ട്.