ക്ഷേത്രത്തിൽ തേങ്ങ ഉടയ്‌ക്കാറുണ്ടോ? ഇങ്ങനെ പൊട്ടിയാൽ സൂക്ഷിക്കണം, സൂചനകൾ നിസാരമല്ല

Wednesday 28 January 2026 2:31 PM IST

ക്ഷേത്രങ്ങളിൽ ചെയ്യുന്ന ഒരു പ്രധാന വഴിപാടാണ് നാളികേരമുടക്കൽ. വിഘ്‌നങ്ങൾ അകറ്റാൻ ഗണപതിക്ക് നാളികേരമുടയ്‌ക്കുന്ന വിശ്വാസമുണ്ട്. ശുഭകാര്യങ്ങൾക്കും ശുഭ യാത്രയ്‌ക്കും ആരംഭത്തിൽ നാളികേരമുടച്ച് ആരംഭിച്ചാൽ എല്ലാം ഭംഗിയായി നടക്കുമെന്നാണ് വിശ്വാസം. എറിഞ്ഞുടക്കുന്ന നാളികേരം മുഴുവനായി ഉടഞ്ഞാൽ വിഘ്‌നങ്ങളില്ലാതെ കാര്യങ്ങൾ നടക്കുമെന്നും തിരിച്ചാണെങ്കിൽ വിഘ്‌നം സംഭവിക്കുമെന്നുമാണ് വിശ്വാസം. വഴിപാട് മാത്രമല്ല നാളികേരമുടക്കലിൽ വേദാന്ത തത്വവും അടങ്ങിയിട്ടുണ്ടെന്നാണ് ആചാര്യന്മാർ പറയുന്നത്.

വേദാന്ത പ്രകാരം നാളികേരത്തെ മനുഷ്യശരീരത്തോടാണ് ഉപമിക്കുന്നത്. നാളികേരത്തിന്റെ ചിരട്ട മായയായും അകത്തെ കാമ്പ് സത്യവുമായാണ് വേദാന്തത്തിൽ പറയുന്നത്. നാളികേരം ഉടയ്‌ക്കുമ്പോൾ മായയെ ഉടച്ചുകളഞ്ഞ് അതിന്റെ സത്യത്തെ എടുക്കുന്നു എന്നാണ് കാണുന്നത്. അതായത് ഭഗവാന് നാളികേരം ഉടയ്‌ക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ സമർപ്പിക്കുന്നു എന്നാണ് വിശ്വാസം. നാളികേരം ഉടയ്‌ക്കുമ്പോൾ മനുഷ്യന്റെ ഞാൻ എന്ന ഭാവം കൂടിയാണ് ഉടഞ്ഞുപോകുന്നത്.

ശുഭകാര്യങ്ങൾ തുടങ്ങുമ്പോൾ പൂജിച്ച നാളികേരം ഉടച്ച് ഫലം നോക്കാറുണ്ട്. ഉടച്ച തേങ്ങ കൃത്യം മദ്ധ്യത്തിൽ മുറിഞ്ഞാൽ ശുഭ സൂചനയാണ്. ഉടയ്‌ക്കുന്നതിനിടയിൽ തേങ്ങ പകുതിയായി മുറിഞ്ഞ് വീഴുകയോ മുഴുവനായി താഴേക്ക് വീഴുകയോ ചെയ്‌താൽ അധപതനവും അശുഭ സൂചനയുമാണ്. തേങ്ങയുടെ വക്കുകൾ ഒടിഞ്ഞാൽ ഉദരരോഗം വരുമെന്നാണ് വിശ്വാസം. തേങ്ങയുടെ മുകൾ ഭാഗം ഉടഞ്ഞാൽ കുടുംബനാഥന് ആപത്ത് വരുമെന്നാണ് സൂചനയെന്നും ആചാര്യന്മാർ പറയുന്നു.