ഓഫീസ് ഉദ്ഘാടനം 31ന്
ഇടുക്കി: ഭിന്നശേഷി ക്ഷേമകോർപ്പറേഷന് ജില്ലയിൽ പുതുതായി അനുവദിച്ച ഓഫീസ് 31ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഭിന്നശേഷി സംഘടനാ പ്രതിനിധികളും സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് ഓഫീസ് തുറക്കുന്നത്. ജില്ലയിലെ ഭിന്നശേഷി സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് ജില്ലാ ഓഫീസ് അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു. വായ്പാ പദ്ധതികൾ, സ്വയംതൊഴിൽ സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, ഉപകരണ വിതരണമുൾപ്പെടെയുള്ള സർക്കാരിന്റെ മറ്റ് ക്ഷേമ പദ്ധതികൾ തുടങ്ങിയവ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ പുതിയ ഓഫീസ് സഹായകമാകും.