മെഡിക്കൽ കോളേജിൽ ശോച്യാവസ്ഥയിൽ കെട്ടിടങ്ങൾ.... പൊളിക്കണം, അല്ലേൽ ഇതും നിലംപതിക്കാം
കോട്ടയം : ഒരു ജീവൻ പൊലിഞ്ഞിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ഇനിയും അത് ആവർത്തിച്ചുകൂടാ... ആയിരങ്ങളെത്തുന്ന കോട്ടയം മെഡിക്കൽ കോളേജിലെ പല കെട്ടിടങ്ങളുടെ കാര്യത്തിലും സുരക്ഷ ചോദ്യചിഹ്നമാവുകയാണ്. ഒപ്പം ആശങ്കയും വർദ്ധിക്കുന്നു. ഇന്നലെയും കെട്ടിടത്തിന്റെ ഭാഗം പൊളിഞ്ഞുവീണു. ഭാഗ്യം കൊണ്ടാണ് വൻഅപകടം ഒഴിവായത്. 2025 ജൂലായ് മൂന്നിനാണ് ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14ാം വാർഡിന്റെ ടോയ്‌ലെറ്റ് ഭാഗം ഇടിഞ്ഞുവീണു തലയോപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ചത്. ശസ്ത്രക്രിയയ്ക്കായി എത്തിയ മകൾക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ഇവർ. ഇതിന് സമീപമാണ് ഇന്നലെയും അപകടം സംഭവിച്ചത്. അന്ന് പ്രതിഷേധം കനത്തതോടെ പഴയകെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. പുതിയ കെട്ടിടസമുച്ചയങ്ങളും നൂതന സംവിധാനങ്ങളും വരുമ്പോഴും ആശുപത്രിയിലെ ദുരിതങ്ങൾക്ക് അറുതിയില്ല.
ഭീതിയിൽ രോഗികളും കൂട്ടിരിപ്പുകാരും
ബിന്ദുവിന്റെ മരണശേഷം ഇടിഞ്ഞു വീണ കെട്ടിടത്തിലുണ്ടായിരുന്ന രോഗികളെ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. എന്നാൽ കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നതിന് മുമ്പേ പൊളിച്ചു നീക്കണമെന്നാണ് ആവശ്യം. കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടും പൊളിക്കാൻ താമസമെന്താണെന്ന് വിവിധ സംഘടനകളുടെ ചോദ്യം. കെട്ടിടത്തിന്റെ മറ്റുഭാഗങ്ങൾ കൂടി ഇടിഞ്ഞുവീഴുമോയെന്ന ഭീതിയിലാണ് സമീപ വാർഡുകളിലെ രോഗികളും ആശ്രിതരും. മതിയാ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങളെന്ന ആക്ഷേപവും ശക്തമാണ്.
അപകടങ്ങൾ തുടർക്കഥ ടോയ്‌ലെറ്റ് ഭാഗം തകർന്ന് വീട്ടമ്മയുടെ ജീവൻ പൊലിഞ്ഞു ഗൈനക്കോളജി വിഭാഗം ഫാർമസിയിൽ ഷീറ്റ് പൊട്ടി ചോർച്ച രണ്ടാം വാർഡിൽ ഇ.സി.ജി മുറിയിലെ വാർക്കപ്പാളി അടർന്നുവീണു കെട്ടിടത്തിലെ കോൺക്രീറ്റ് കമ്പിയെല്ലാം തുരുമ്പിച്ച നിലയിലാണ് ഇ.എൻ.ടി വിഭാഗം കെട്ടിടത്തിലെ ടൈലുകൾ പൊട്ടിത്തെറിച്ചു
''അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷയാണ് പ്രധാനം. ഇക്കാര്യത്തിൽ അധികൃതർ അലംഭാവം വെടിയണം.
രോഹിത്, കൂട്ടിരിപ്പുകാരൻ