രക്തസാക്ഷിഫണ്ട് വിവാദം: പയ്യന്നൂരിൽ അച്ചടക്കവും അനുനയവുമായി സി.പി.എം
കണ്ണൂർ: സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് വിവാദം നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ അടവുനയവുമായി സി.പി.എം. വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിലൂടെ അച്ചടക്കത്തിന്റെ കർശനസന്ദേശം നൽകിയതിനോടൊപ്പം സംശയത്തിലായ അണികളെ അനുനയിപ്പിക്കാനുള്ള സമാന്തര നീക്കവും സജീവമാണ്.
ഈ തന്ത്രത്തിന്റെ ഭാഗമാണ് സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ഇടപെടൽ. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകളിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച വി.കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കിയതിലൂടെ വ്യക്തമായ സന്ദേശമാണ് പാർട്ടി നൽകിയത്. ഒപ്പം പാർട്ടി അണികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് പയ്യന്നൂരിലെ അണികളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായ സംസ്ഥാന സമിതി അംഗം പി.ജയരാജനെ തന്നെ പാർട്ടി രംഗത്തിറക്കിയിരിക്കുകയാണ്. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകരുടെ വീടുകളിൽ പി.ജയരാജൻ സന്ദർശനം നടത്തി. ബൈക്ക് കത്തിച്ച് നശിപ്പിക്കപ്പെട്ട പ്രസന്നന്റെ വീട്ടിലും കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി.നാരായണന്റെ വീട്ടിലും ജയരാജൻ എത്തി. കുഞ്ഞികൃഷ്ണൻ 2022ൽ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും അനുനയനീക്കത്തിനായി എത്തിയത് പി.ജയരാജനായിരുന്നു എന്നത് ശ്രദ്ധേയമാണ്.
പ്രകോപനം വേണ്ട
കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രതിഷേധമോ പോസ്റ്ററുകളോ പാടില്ലെന്ന് ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർക്ക് മേഖലാ റിപ്പോർട്ടിംഗിൽ നിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞികൃഷ്ണന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയതിനെ നേതൃത്വം അനുകൂലിച്ചിട്ടില്ല. പരസ്യ പ്രതിഷേധങ്ങൾ തുടർന്ന് വിഷയം സജീവമാക്കി നിർത്തേണ്ടെന്നും മേഖല റിപ്പോർട്ടിംഗിൽ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദനന് സീറ്റ് ലഭിക്കാതിരിക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.ടി.ഐ. മധുസൂദനന് വീണ്ടും സീറ്റ് നൽകുമോ എന്നത് നിർണായകമാണ്. പ്രതിസന്ധി മറികടക്കാൻ എല്ലാ വിഭാഗത്തിനും, സ്വീകാര്യനായ അപ്രതീക്ഷിത സ്ഥാനാർത്ഥി രംഗ പ്രവേശം ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.
സൈബറിടങ്ങളിൽ കനത്ത വിമർശനം
രക്തസാക്ഷി ഫണ്ട് വിവാദം ബി.ജെ.പിയും കോൺഗ്രസും വിവാദം രാഷ്ട്രീയമായി പരമാവധി വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഇന്നലെ മാർച്ച് നടത്തിയിരുന്നു. ധനരാജിന്റെ ഘാതകർക്ക് സി.പി.എം ശക്തികേന്ദ്രത്തിൽ വന്ന് അദ്ദേഹത്തിന്റെ പേരിൽ പേരിൽ രാഷ്ട്രീയ പ്രകടനം നടത്താൻ വഴിയൊരുക്കിയതിന്റെ പേരിൽ വി.കുഞ്ഞികൃഷ്ണനെതിരെ സൈബറിടങ്ങളിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.കുഞ്ഞികൃഷ്ണന് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സി.പി.എം ജാഗ്രതയോടെ ഉറ്റുനോക്കുകയാണ്.