റെയിൽ വേസ്റ്റേഷൻ പാർക്കിംഗിലെ തീപ്പിടിത്തം: എങ്ങനെ കത്തി? ആരു തരും നഷ്ടപരിഹാരം കനലണയാതെ തീപ്പിടിത്തം

Thursday 29 January 2026 12:00 AM IST

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലെ തീപിടുത്തത്തിൽ മുന്നൂറോളം ഇരുചക്രവാഹനങ്ങൾ കത്തിയമർന്നിട്ട് 25 ദിവസം പിന്നിടുമ്പോഴും കാരണം ഇനിയും അവ്യക്തം. സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിലുണ്ടായ ഗുരുതരവീഴ്ച്ചയെ തുടർന്നുണ്ടായ അപകടത്തിൽ വാഹന ഉടമകൾക്ക് ഇതുവരെ നഷ്ടപരിഹാരവും ലഭ്യമാക്കിയിട്ടില്ല. പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ കത്തിനശിച്ച കൂടുതൽപേരും തുച്ഛ വേതനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കൂടുതൽ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇൻഷ്വറൻസ് തുക ലഭിക്കില്ല. നഷ്ടപരിഹാരം ആര് നൽകുമെന്നോ എന്ന് നൽകുമെന്നോ എത്ര നൽകുമെന്നോ കൃത്യമായ സൂചന ആരും നൽകിയിട്ടില്ല.

ആരാണ് കുറ്റക്കാർ?

സംഭവത്തിൽ റെയിൽവേയും കരാറുകാരും പ്രതിക്കൂട്ടിലാണെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. എവിടെ നിന്നാണ് തീയുണ്ടായതെന്ന് വ്യക്തമാകുന്ന സി.സി.ടി.വി.ദൃശ്യങ്ങളും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കരാറുകാരന്റെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ കരാറുകാരനിൽ നിന്നും റെയിൽവേക്ക് നഷ്ടപരിഹാരം ഈടാക്കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമാണ് വീഴ്ച്ച ഉണ്ടായിട്ടുള്ളതെങ്കിൽ അവർക്കെതിരെയും നടപടികൾ ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.

അപകടദൂരം

റെയിൽവേയുടെ 25,000 വോൾട്ട് ഇലക്ട്രിക് ലൈനിൽ നിന്നും നിർബന്ധമായും പാലിക്കേണ്ട അകലം (ചുരുങ്ങിയത് 2 മീറ്റർ) പാലിക്കാതെ ഈ ഹൈപവർ ഇലക്ട്രിക് ലൈനിനും പോസ്റ്റിനും അടിയിലാണ് പെട്രോൾ നിറച്ച ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഇവിടെ പ്രവർത്തനക്ഷമമായ അഗ്‌നിശമനാ ഉപകരണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പ്രവർത്തനസജ്ജമായ ഫയർ എക്സ്സ്റ്റിംഗ്വിഷർ ഉണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ടൂ വീലർ യൂസേഴ്‌സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.

ആവശ്യങ്ങൾ

1. ബൈക്കുകൾക്ക് റെയിൽവേ അടിയന്തിര നഷ്ടപരിഹാരം നൽകണം 2. വാഹനങ്ങളുടെ എൻജിൻ നമ്പറും ഉടമകളുടെ പേരും പ്രസിദ്ധീകരിക്കണം 3. റെയിൽവേ സ്റ്റേഷനുകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും പ്രദർശിപ്പിക്കണം 4.റെയിൽവേ കംപ്ലയിന്റ് ബുക്കിൽ രേഖപെടുത്തുന്ന പരാതികൾക്ക് കൃത്യമായ മറുപടി നൽകണം 5.പ്രീമിയം പാർക്കിംഗ് കൊള്ള അവസാനിപ്പിച്ച് പാർക്കിംഗ് ഏരിയ സുരക്ഷിതമാക്കണം.

സംഭവസ്ഥലം സന്ദർശിച്ച ഡി.ജി. പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. നഷ്ടപരിഹാരം നൽകാനും കുറ്റക്കാരെ ശിക്ഷിക്കാനും അടിയന്തരനടപടിയുണ്ടാകണം.

ജെയിംസ് മുട്ടിക്കൽ, ചെയർമാൻ, ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ