കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേയ്ക്ക് നേരെ മഷിയേറ്
പാട്ന: കേന്ദ്ര ആരോഗ്യ മന്ത്രി അശ്വിനി കുമാർ ചൗബേയ്ക്ക് നേരെ മഷിയാക്രമണം. ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവിന്റെ അനുയായികളിലൊരാളാണ് കേന്ദ്രമന്ത്രിയെ ആക്രമിച്ചതെന്നാണ് വിവരം. പാട്ന മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക സന്ദർശനത്തിനായി എത്തിയതായിരുന്നു അശ്വിനികുമാർ. ഡോക്ടർമാരുമായും മറ്റ് ആശുപത്രി അധികൃതരുമായും ചർച്ചകൾ നടത്തി, രോഗികളെ സന്ദർശിച്ചതിനും ശേഷം കാറിൽ കയറാനൊരുങ്ങിയ മന്ത്രിയുടെ നേരെ അടപ്പ് തുറന്ന മഷിക്കുപ്പി വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം. കുപ്പി കാറിൽ തട്ടി താഴെ വീണ് പൊട്ടി. മന്ത്രിയുടെ വസ്ത്രങ്ങളിലും കാറിലും മഷി പടർന്നു. കൃത്യത്തിന് ശേഷം രണ്ടുപേർ ഒാടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട മാദ്ധ്യമപ്രവർത്തകരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഇവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, അധികാരത്തിലുള്ളവർ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാത്തതിലുള്ള ദേഷ്യമാണ് താൻ പ്രകടിപ്പിച്ചതെന്ന് അക്രമികളിൽ ഒരാൾ പറയുന്നത് പ്രദേശിക ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ജെ.എ.പിയുടെ വിദ്യാർത്ഥി സംഘടനയുടെ ഒാഫിസ് ചുമതല വഹിക്കുന്ന നിഷാന്ത് ഝായാണ് താനെന്ന് ഇയാൾ വെളിപ്പെടുത്തി. ചാനലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചുഅതേസമയം, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അക്രമം തൊഴിലാക്കിയിരുന്നവരുടെ കൈത്തൊഴിലാണ് ഈ പ്രവർത്തിയെന്ന് ചൗബേ പ്രതികരിച്ചു.