ഡംപ്ലിംഗും സംതിംഗ് ലൈക് ട്രൂത്തും വൗവും കൂ ഹുവും ഇന്ന് അരങ്ങിൽ

Thursday 29 January 2026 12:31 AM IST

തൃശൂർ: കപടദേശീയയുടെയും യഥാർത്ഥ ദേശസ്‌നേഹത്തിന്റെയും മുഖം തുറന്നുകാട്ടുന്ന ഡംപ്ലിംഗ് എന്ന നാടകം ഇന്ന് വൈകിട്ട് ഏഴിന് ആക്ടർ മുരളി തിയേറ്ററിൽ അരങ്ങേറും. സൂക്ഷ്മഹാസ്യവും വ്യത്യസ്ത ആഖ്യാനവുമുള്ള അർമേനിയൻ നാടകത്തിന് രണ്ട് മണിക്കൂറാണ് ദൈർഘ്യം. ദി ഹമാസ്‌ഗെയ്ൻ സ്റ്റേറ്റ് തിയേറ്ററിന്റെ നാടകം നരേൻ ഗ്രിഗോറിയൻ ആണ് സംവിധാനം.

യൂജെൻ ഗിൻഡലിന്റെ കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഫിസിക്കൽ തിയേറ്റർ അവതരണമായ വൗ കൂടി ഇന്ന് അരങ്ങിലെത്തും. 50 മിനിറ്റ് വരുന്ന സ്ലോവാക്യയിലെ ഡെബ്രിസ് തിയേറ്റർ കമ്പനിയുടെ നാടകം ഉച്ചയ്ക്ക് മൂന്നിന് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സിലാണ് അരങ്ങേറുന്നത്. ജോസഫ് വിഎൽകെയാണ് സംവിധാനം.

സത്യം, സ്വാതന്ത്യം, നീതി എന്നിവയെ വ്യത്യസ്ത കാലങ്ങളിലെയും ഭൂമിശാസ്ത്രങ്ങളിലെയും നാല് സ്ത്രീകളുടെ ശബ്ദങ്ങളിലൂടെ പരിശോധിക്കുന്ന 'സംതിംഗ് ലൈക് ട്രൂത്ത്' ഇന്ന് രാവിലെ 11നും വൈകിട്ട് 4.30നും സ്‌കൂൾ ഓഫ് ഡ്രാമയിലെ അരങ്ങിലെത്തും. പൂനെ സോഷ്യൽ മഞ്ച് ആൻഡ് പീസ് പ്രൊജക്ടിന്റെ 100 മിനുറ്റ് ദൈർഘ്യമുള്ള നാടകത്തിന്റെ സംവിധായക അപർണ പേഥെയാണ്.

ട്രെയിൻ മുഖ്യകഥാപാത്രമാകുന്ന ഡോക്യൂഫിഷണൽ നാടകാവിഷ്‌കാരമായ കൂ ഹു: ആൻ ആന്തോളജി ഓൺ റെയിൽസ് എന്ന മലയാളനാടകം ഇന്ന് രാവിലെ 11നും വൈകിട്ട് 4.30നും കെ.ടി.മുഹമ്മദ് തിയേറ്ററിൽ നടക്കും. പാലക്കാട്ടെ ലിറ്റിൽ എർത്ത് സ്‌കൂളിന്റെ നാടകത്തിന്റെ സംവിധാനം അരുൺലാൽ നിർവഹിച്ചിരിക്കുന്നു.

ഫാവോസിൽ ഇന്ന്

രാവിലെ 11.30: ലൂസിയ ജയിഃസ് എ സ്‌മോൾ ഡ്രാമ ഇൻ മോഷൻ, നൂറമ്മ ബിരിയാണി ദർബാർ, ഓറസസ് ആൻഡ് സ്റ്റോൺസ്, മാടൻമോക്ഷം നാടകങ്ങളുടെ അണിയറപ്രവർത്തകരുടെ സംവാദം.

ഉച്ചയ്ക്ക് 1.30: കേരളത്തിലെ സ്ത്രീകളുടെ തൊഴിലിടങ്ങളും സമകാലിക അവസ്ഥയും ചർച്ച.

വൈകിട്ട് 5ന്: ജനനീസ് ജൂലിയറ്റ് ഡോക്യൂമെന്ററി പ്രദർശനം. അക്കാഡമി അങ്കണത്തിൽ

രാത്രി 9ന്: വയനാട്ടിലെയും കൂർഗിലെയും തദ്ദേശീയ ഗായകർ അവതരിപ്പിക്കുന്ന സംഗീത പരിപാടി.