പ്രകടനം: ഫറൂഖ്​ അബ്​ദുള്ളയുടെ സഹോദരിയും മകളും അറസ്റ്റിൽ

Wednesday 16 October 2019 12:38 AM IST

ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ്​ അബ്​ദുള്ളയുടെ സഹോദരി സുരയ്യയും മകൾ സഫിയയും ഉൾപ്പെടെ ആറ്​ വനിതകൾ ശ്രീനഗറിൽ അറസ്​റ്റിൽ. ജമ്മുകാശ്​മീരിനെ രണ്ട്​ കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും​ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്​ത കേ​ന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്​ പ്രകടനം നടത്തിയതിനാണ് അറസ്​റ്റ്​. സുരയ്യയും സഫിയയുമാണ്​ പ്രകടനത്തിന്​ നേതൃത്വം നൽകിയിരുന്നത്​.

കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞ്​ പ്ലക്കാർഡേന്തിയായിരുന്നു പ്രകടനം. പ്രതിഷേധക്കാരെ കൂട്ടം കൂടാൻ പൊലീസ്​ അനുവദിച്ചില്ല. ഇവരോട്​ സമാധാനപരമായി പിരിഞ്ഞു പോകാൻ പൊലീസ്​ ആവശ്യപ്പെ​ട്ടെങ്കിലും അതിന്​ തയ്യാറാവാതെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം റിപ്പോർട്ട്​ ചെയ്യാൻ എത്തിയ മാദ്ധ്യമപ്രവർത്തകർക്ക്​ വാർത്താക്കുറിപ്പ്​ നൽകുന്നതിൽ നിന്നും പൊലീസ്​ പ്രതിഷേധക്കാരെ തടഞ്ഞു. തങ്ങൾ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിക്രമിക്കപ്പെടുകയും ചെയ്​തതായും പ്രതിഷേധക്കാർ ​വാർത്താക്കുറിപ്പിൽ പറയുന്നു.