ബുക്കർ പങ്കിട്ട് പെൺതൂലികകൾ, മാർഗരറ്റ് ആറ്റ്‌വുഡിനും ഇവാരിസ്റ്റോയ്ക്കും മാൻ ബുക്കർ പ്രൈസ്

Wednesday 16 October 2019 12:40 AM IST

ലണ്ടൻ: കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് ആറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബർണാഡിയൻ ഇവാരിസ്റ്റോയും 2019ലെ മാൻ ബുക്കർ പുരസ്‌കാരം പങ്കിട്ടു. ഇരുപത്തിയേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാൻ ബുക്കർ പുരസ്‌കാരം രണ്ട് പേർ പങ്കിടുന്നത്. 79 വയസുകാരിയായ ആറ്റ്‌വുഡ് ഏറ്റവും പ്രായം കൂടിയ ബുക്കർ ജേതാവായപ്പോൾ ബുക്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഇവാരിസ്റ്റോ.

ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റായ സൽമാൻ റുഷ്ദിയും അവസാന പട്ടികയിൽ ഇടം നേടിയിരുന്നു.

ആറ്റ്‌വുഡിന്റെ 'ദ ടെസ്റ്റമെന്റ്സ്", ഇവാരിസ്റ്റോയുടെ 'ഗേൾ, വുമൺ, അദർ' എന്നീ കൃതികളാണ് പുരസ്‌കാരത്തിന് അർഹമായത്. ബ്രിട്ടനിൽ താമസിക്കുന്ന 19നും 93നും ഇടയിൽ പ്രായമുള്ള കറുത്തവർഗക്കാരായ സ്ത്രീകൾ ഉൾപ്പെടെ പന്ത്രണ്ട് കഥാപാത്രങ്ങളുടെ കഥയാണ് ഇവാരിസ്റ്റോയുടെ 'ഗേൾ, വുമൺ, അദർ' പറയുന്നത്. രണ്ടാം തവണയാണ് മാർഗരറ്റ് ആറ്റ്‌വുഡ് ബുക്കർ പുരസ്‌കാരം സ്വന്തമാക്കുന്നത്. 'ബ്ലൈൻഡ് അസാസിൻസ്' എന്ന പുസ്തകത്തിന് 2000ത്തിലാണ് ആദ്യം പുരസ്കാരം നേടിയത്. ആറ്റ്‌വുഡ് 1985ൽ പ്രസിദ്ധീകരിച്ച 'ദ ഹാൻഡ്മെയ്‌ഡ്‌സ് ടെയ്ൽ' എന്ന ബെസ്റ്റ് സെല്ലർ നോവലിന്റെ തുടർച്ചയാണ് 'ദ ടെസ്റ്റമെന്റ്സ്'.സ്‌ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നതിന്റെ ചിത്രമാണ് രണ്ട് കൃതികളിലും.

50,000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) ആണ് സമ്മാനത്തുക. ഇത് ഇരുവരും പങ്കിട്ടെടുക്കും. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങളുടെ നിലപാടാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്. മുൻപ് രണ്ട് തവണ പുരസ്‌കാരം സംയുക്തമായി നൽകിയിട്ടുണ്ടെങ്കിലും 1992ൽ ആ നിയമം മാറ്റി പുരസ്‌കാരം ഒരാൾക്കേ നൽകാവൂ എന്ന് വ്യവസ്ഥ ചെയ്‌തിരുന്നു. അത് മറികടന്നാണ് ഇത്തവണത്തെ പുരസ്കാരപ്രഖ്യാപനം.