മോദിയ്ക്ക് സ്റ്റാലിന്റെ മറുപടി, സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം തമിഴ്നാട്

Thursday 29 January 2026 12:09 AM IST

ചെന്നൈ: തമിഴ്നാടാണ് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും മയക്കുമരുന്നിന് യുവാക്കൾ അടിമയാകുന്നുവെന്നമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക മറുപടി പറയുകയായിരുന്നു അദ്ദേഹം.

യാതൊരു മടിയും കൂടാതെയാണ പ്രധാനമന്ത്രി കള്ളം പറയുന്നത്. മിസ്റ്റർ പ്രധാനമന്ത്രി, ഞാൻ തലയുയർത്തിപ്പിടിച്ച് പറയുന്നു സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് തമിഴ്നാട്. ജോലികളിൽ സ്ത്രീകളുടെ ഏറ്റവും ഉയർന്ന പങ്കാളിത്തം ഉള്ള സംസ്ഥാനമാണിത്.

തഞ്ചാവൂരിൽ ഡി.എം.കെ വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്ന് എൻ.ഡി.എ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി വിമർശിച്ചിരുന്നു.

'മണിപ്പൂരിനെ നിങ്ങൾ മറന്നോ? സർക്കാർ കണക്കുകൾ പ്രകാരം ഏകദേശം 260 പേർ കൊല്ലപ്പെട്ടു, 3,000 പേർക്ക് പരിക്കേറ്റു, ഒരു ലക്ഷത്തിലധികം ആളുകൾ വീടുകൾ വിട്ട് ഓടിപ്പോയി. ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാരിന് സാധാരണ നില പുനഃസ്ഥാപിക്കാൻ കഴിയാത്തത് എന്തുകൊണ്ട്?' അദ്ദേഹം ചോദിച്ചു.

തമിഴ്നാട്ടിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ മയക്കുമരുന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. ,

'മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ ആദ്യ ഒപ്പ് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായിരുന്നു. ആളുകൾ ഇപ്പോൾ അവരെ 'സ്റ്റാലിൻ ബസുകൾ' എന്ന് വിളിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരിയിൽ തമിഴ്നാട്ടിലുടനീളം അഞ്ച് മെഗാ സമ്മേളനങ്ങൾ പാർട്ടി നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.