പമ്പുടമയെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്, മൂന്നുപേർ കസ്റ്റഡിയിൽ
തൃശൂർ: കയ്‌പമംഗലത്തെ പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഇതിനോടകം മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. കയ്പമംഗലം സ്വദേശികളായ ഇവരെ അങ്ങാടിപ്പുറത്തുനിന്ന് കസ്റ്റഡിസിലെടുത്തത്. മനോഹരനെ ശരീരത്തിൽ ബലപ്രയോഗം നടത്തിയതിന്റെ പാടുകളുണ്ട്. ആന്തരികാവയവങ്ങൾക്കും മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഗുരുവായൂർ മമ്മിയൂരിൽ നിന്നാണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. മനോഹരൻ ഉപയോഗിച്ച കാറ് അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
പമ്പിലെ കളക്ഷൻ തുക കിട്ടാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത്. അർധരാത്രി 12.50ഓടെ പമ്പിൽ നിന്ന് കാറിൽ വീട്ടിലേക്ക് പോയ മനോഹരനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാർ രാത്രി ഫോണിൽ വിളിച്ചപ്പോൾ, ഒരാൾ ഫോണെടുത്ത് മനോഹരൻ ഉറങ്ങുകയാണെന്ന് മറുപടി നൽകി. പെട്രോൾ പമ്പിൽ കിടക്കുന്ന പതിവ് മനോഹരന് ഉള്ളതിനാൽ സംശയം തോന്നിയില്ല. തൊട്ടടുത്ത ദിവസവും വിവരം ലഭിക്കാത്തതിനാൽ പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.